പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യുന്നില്ല, മെസ്സിക്കും നെയ്മർക്കുമെതിരെ വിമർശനവുമായി ജൂനിഞ്ഞോ!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മിന്നുന്ന വിജയമായിരുന്നു പിഎസ്ജി നേടിയിരുന്നത്. രണ്ടിനെതിരെ 7 ഗോളുകൾക്ക് പിഎസ്ജി മക്കാബി ഹൈഫയെ സ്വന്തം മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സമീപകാലത്ത് പിഎസ്ജി ആരാധകരെ മത്സരശേഷം അഭിവാദ്യം ചെയ്യാൻ മെസ്സിയും നെയ്മറും സമയം കണ്ടെത്താറില്ല. മറിച്ച് മത്സര ശേഷം ഉടൻതന്നെ ഇരുവരും ഡ്രസിങ് റൂമിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്.പിഎസ്ജി ആരാധകർ മുൻപ് ഈ രണ്ടു താരങ്ങളെയും കൂവിയതിന് ശേഷമാണ് നെയ്മറും മെസ്സിയും അഭിവാദ്യം ചെയ്യാൻ വിസ്സമ്മതിച്ചു തുടങ്ങിയത്.

എന്നാൽ ഇതിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോ രംഗത്ത് വന്നിട്ടുണ്ട്. മത്സരശേഷം നെയ്മർ മെസ്സിയും കാണികളെ അഭിവാദ്യം ചെയ്യണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നിങ്ങൾക്ക് ആരാധകരെ ആവശ്യമുണ്ടെന്നും നിങ്ങൾക്ക് ലഭിക്കുന്ന പണം അവരിൽ നിന്നാണ് എന്നുള്ള കാര്യം മറക്കാൻ പാടില്ല എന്നുമാണ് ജൂനിഞ്ഞോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” നിങ്ങൾ പിഎസ്ജിയുമായി വലിയ കരാറിൽ ഒപ്പുവച്ച പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളാണ്. തീർച്ചയായും നിങ്ങൾക്ക് ആരാധകരെ ആവശ്യമുണ്ട്. എല്ലാ ആരാധകരും നിങ്ങളെ കൂവി വിളിച്ചിട്ടുണ്ട് എന്ന് നിങ്ങൾ കരുതരുത്. അവിടെ കുട്ടികൾ അടക്കമുള്ള മറ്റൊരു വിഭാഗമുണ്ട് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം. നെയ്മറും മെസ്സിയും അടങ്ങുന്ന താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്യണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.അവസാനം ആരാധകർ മാത്രമേ അവശേഷിക്കുകയുള്ളൂ.നിങ്ങൾക്ക് പണം ലഭിക്കാൻ കാരണമാവുന്നത് അവരാണ് എന്നുള്ള വസ്തുത മറക്കാൻ പാടില്ല ” ഇതാണ് ജൂനിഞ്ഞോ പറഞ്ഞിട്ടുള്ളത്.

അതേസമയം മറ്റൊരു ഫുട്ബോൾ നിരീക്ഷകനായ ഇമ്മാനുവൽ പെറ്റിറ്റ് ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. നെയ്മറും മെസ്സിയുമൊക്കെ മനുഷ്യരാണെന്നും അത്രയധികം അപമാനം അവർക്ക് ആരാധകരിൽ നിന്നും ലഭിച്ചു കഴിഞ്ഞു എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *