പിഎസ്ജിയിൽ നെയ്മറുടെ പ്രസിഡന്റല്ല എംബപ്പേ : നെയ്മർക്ക് പിന്തുണയുമായി ഫുട്ബോൾ പണ്ഡിറ്റ്
കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടിരുന്നു. അതിനുശേഷം നെയ്മർ ജൂനിയർ മക്ഡോണാൾഡിൽ പോയതും കൂടാതെ പോക്കറിൽ ഏറെ സമയം ചിലവഴിച്ചതുമൊക്കെ വലിയ വിവാദമായിരുന്നു.ഫ്രഞ്ച് മാധ്യമങ്ങളായിരുന്നു നെയ്മറുടെ ഈ പ്രവർത്തികളെ വലിയ രൂപത്തിൽ വിവാദമാക്കിയത്.
മാത്രമല്ല മത്സരത്തിനു ശേഷം എംബപ്പേ പറഞ്ഞ കാര്യങ്ങൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.അതായത് പിഎസ്ജി താരങ്ങൾ നന്നായി ഭക്ഷണം കഴിച്ച് ഉറങ്ങണം എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്.എംബപ്പേയുടെ ഈ പ്രസ്താവനയെ പരോക്ഷമായി പരിഹസിക്കുകയാണ് നെയ്മർ ഇത്തരം പ്രവർത്തികളിലൂടെ ചെയ്തത് എന്നുള്ളത് ചില ആരാധകർ ആരോപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ നെയ്മർക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഫുട്ബോൾ പണ്ഡിറ്റായ കരിം ബെന്നാനി രംഗത്ത് വന്നിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേ പിഎസ്ജിയിൽ നെയ്മറുടെ പ്രസിഡന്റ് അല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബന്നാനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Pundit Defends Neymar for Poker, Fast Food Night in Aftermath of Bayern Munich Loss https://t.co/oJ3J9csyKf
— PSG Talk (@PSGTalk) February 18, 2023
“നെയ്മറുടെ പ്രവർത്തികൾ കിലിയൻ എംബപ്പേയുടെ പ്രസ്താവനകളെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് എന്ന് ഞാൻ കരുതുന്നില്ല.ഇനിയിപ്പോ അങ്ങനെയാണെങ്കിൽ തന്നെ കിലിയൻ എംബപ്പേ പിഎസ്ജിയുടെ നെയ്മറുടെ പ്രസിഡന്റ് ഒന്നുമല്ലല്ലോ. അവധി സമയത്ത് നെയ്മർക്ക് എന്താണോ ചെയ്യേണ്ടത് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ട്. അത്തരം കാര്യങ്ങളിൽ അദ്ദേഹത്തെ വെറുതെ വിടൂ. ആരും നെയ്മറുടെ പ്ലേറ്റ് ഒന്നും പരിശോധിക്കാൻ പോകുന്നില്ല. അദ്ദേഹം നല്ല നിലയിൽ ആയിരുന്നില്ല എന്നുള്ളതാണ് പലരുടെയും പ്രശ്നം.ബയേണിനെ പരാജയപ്പെടുത്തിക്കൊണ്ട് പിഎസ്ജി മുന്നോട്ടു പോയാൽ ആരും തന്നെ ഇതേക്കുറിച്ച് ചർച്ച ചെയ്യില്ല ” ഇതാണ് കരിം ബെന്നാനി പറഞ്ഞിട്ടുള്ളത്.
മാർച്ച് എട്ടാം തീയതിയാണ് രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടം അരങ്ങേറുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുന്നത് എന്നുള്ളത് പിഎസ്ജിക്ക് ഒരല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരിക്കും.