പരിക്ക്,പിഎസ്ജി സൂപ്പർ താരം ദേശീയ ടീമിൽ നിന്നും പിന്മാറി പാരീസിലേക്ക് തിരിച്ചു!
ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് വമ്പൻമാരായ ഇറ്റലി നേഷൻസ് ലീഗിൽ കളിക്കുക.വരുന്ന 24ാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇറ്റലിയുടെ എതിരാളികൾ.പിന്നീട് നടക്കുന്ന മത്സരത്തിൽ ഹംഗറിയേയും ഇറ്റലി നേരിടും.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടാൻ പിഎസ്ജി സൂപ്പർ താരം മാർക്കോ വെറാറ്റിക്ക് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ നടന്ന ലിയോണിനെതിരെയുള്ള മത്സരത്തിനിടെ വെറാറ്റിക്ക് പരിക്കേൽക്കുകയായിരുന്നു.താരത്തിന്റെ കാഫിനാണ് പരിക്കേറ്റത്.താരത്തെ പിന്നീട് പിൻവലിക്കുകയും ചെയ്തു.
എന്നാൽ വെറാറ്റിയുടെ പരിക്ക് ഒരല്പം ഗുരുതരമാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഇറ്റലിയുടെ സ്‌ക്വാഡിൽ നിന്നും വെറാറ്റി പിന്മാറിയിട്ടുണ്ട്.വെറാറ്റിക്ക് നടക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം വീട്ടിലേക്ക് തന്നെ പോകുമെന്നുമാണ് ഇതേക്കുറിച്ച് ഇറ്റലിയുടെ പരിശീലകനായ മാൻസീനി പറഞ്ഞിട്ടുള്ളത്. ഇതോടെ താരത്തിന് ഇറ്റലിയുടെ രണ്ട് മത്സരങ്ങളും നഷ്ടമാകുമെന്ന് ഉറപ്പാവുകയായിരുന്നു.
🇮🇹 Verratti forfait avec l'Italie après sa blessure face à Lyon.https://t.co/y8EqlWTWEd
— RMC Sport (@RMCsport) September 19, 2022
താരം ഇപ്പോൾ ചികിത്സക്ക് വേണ്ടി പാരീസിലേക്ക് തന്നെ യാത്ര തിരിച്ചിട്ടുണ്ട്.വെറാറ്റിയുടെ ഈ പരിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിക്കുക പിഎസ്ജിക്ക് തന്നെയാണ്. മിഡ്‌ഫീൽഡിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വെറാറ്റി.താരം എത്രനാൾ പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്.
താരത്തിന്റെ അഭാവത്തിൽ വീറ്റിഞ്ഞ,ഫാബിയാൻ റൂയിസ് എന്നിവരെ മിഡ്ഫീൽഡിൽ ഗാൾട്ടിയർ ഒരുമിച്ച് കളിപ്പിച്ചേക്കും.ഇനി ഒക്ടോബർ ഒന്നാം തീയതിയാണ് അടുത്ത മത്സരം പിഎസ്ജി കളിക്കുക. അതിനു മുന്നേ വെറാറ്റി ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. നിലവിൽ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.