നെയ്മർ ബെഞ്ചിൽ,മെസ്സിയും എംബപ്പേയും പൊളിച്ചടുക്കി,അപരാജിത കുതിപ്പ് തുടർന്ന് PSG!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി സൂപ്പർതാരങ്ങൾ തിളങ്ങിയപ്പോൾ പിഎസ്ജിക്ക് അനായാസ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി നാന്റസിനെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയത്.ഇതോടെ ഈ സീസണിലെ അപരാജിത കുതിപ്പ് പിഎസ്ജി തുടർന്ന് കൊണ്ടുപോവുകയാണ്.

സൂപ്പർ താരം നെയ്മർ ജൂനിയറെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ യാണ് പരിശീലകൻ പിഎസ്ജിയെ കളത്തിലേക്ക് ഇറക്കിയത്. പകരം സറാബിയയായിരുന്നു ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. നെയ്മറുടെ അഭാവത്തിലും മികച്ച പ്രകടനം തന്നെയാണ് മെസ്സി,എംബപ്പേ കൂട്ടുകെട്ട് നടത്തിയത്. ഇരുവരും ചേർന്ന് കൊണ്ടാണ് പിഎസ്ജിയുടെ ആദ്യ രണ്ട് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ പതിനെട്ടാമത്തെ മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും എംബപ്പേ ഗോൾ കണ്ടെത്തി. 24ആം മിനിറ്റിൽ നാന്റസ് താരം ഫാബിയോ റെഡ് കാർഡ് കണ്ടു പുറത്തു പോയതോടെ പിഎസ്ജിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.54-ആം മിനുട്ടിൽ വീണ്ടും മെസ്സി-എംബപ്പേ കൂട്ടുകെട്ട് ഗോൾ കണ്ടെത്തുകയായിരുന്നു.പിന്നാലെ എംബപ്പേയെ പിൻവലിച്ചു കൊണ്ട് പരിശീലകൻ നെയ്മർ ജൂനിയറെ കളത്തിലിറക്കി.

നിർഭാഗ്യം കൊണ്ട് മാത്രമാണ് നെയ്മർക്ക് മത്സരത്തിൽ ഗോൾ നേടാനാവാതെ പോയത്. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയായിരുന്നു. എന്നാൽ ഈ അവസരം മുതലെടുത്ത നുനോ മെന്റസ് പിഎസ്ജിയുടെ മൂന്നാം ഗോൾ കണ്ടെത്തുകയായിരുന്നു.

ജയം നേടിയ പിഎസ്ജി തന്നെയാണ് ഇപ്പോൾ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 6 മത്സരങ്ങളിൽ നിന്ന് 5 വിജയവും 1 സമനിലയുമായി 16 പോയിന്റ് ആണ് പിഎസ്ജിക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയ പിഎസ്ജി കേവലം 4 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

ഏതായാലും നെയ്മറും മെസ്സിയും എംബപ്പേയും മിന്നുന്ന ഫോമിൽ കളിക്കുന്നത് അടുത്ത യുവന്റസിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗുണം ചെയ്യുമെന്നാണ് ഗാൾട്ടിയർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *