നെയ്മറെ കൈവിടരുത് : സുഹൃത്തിനെ ഒഴിവാക്കുന്നതിനോട് മെസ്സിക്ക് എതിർപ്പ്!
സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. നെയ്മർ ജൂനിയർ ക്ലബ്ബ് വിട്ടുപോവാൻ താല്പര്യമില്ല. മാത്രമല്ല നെയ്മർക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളതും സങ്കീർണ്ണത നിറഞ്ഞ ഒരു കാര്യമാണ്.
ഏതായാലും നെയ്മർ ജൂനിയറെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കുന്നതിനോട് സഹതാരവും നെയ്മറുടെ ഉറ്റ സുഹൃത്തുമായ ലയണൽ മെസ്സിക്ക് എതിർപ്പുണ്ട്. താരത്തെ പിഎസ്ജി കൈവിടരുത് എന്നുള്ളതാണ് നിലവിൽ ലയണൽ മെസ്സിയുടെ അഭിപ്രായം.ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ അർജന്റൈൻ മാധ്യമമായ ലാ നാസിയോണാണ്.ഇവരെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമമായ ലെ ടെൻ സ്പോർട്ടും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണിലായിരുന്നു നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ഒരിക്കൽ കൂടി ഒരുമിച്ചത്.പക്ഷേ രണ്ടുപേർക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. നെയ്മർക്ക് പരിക്കുകൾ വില്ലനായപ്പോൾ ലയണൽ മെസ്സി പിഎസ്ജിയിൽ അഡാപ്റ്റാവാൻ ബുദ്ധിമുട്ടുകയായിരുന്നു. പക്ഷേ വരുന്ന സീസണുകളിൽ തങ്ങൾക്ക് രണ്ടുപേർക്കും തിളങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ലയണൽ മെസ്സിയുള്ളത്.
Lionel Messi does not want his friend and fellow forward Neymar Jr. to leave Paris Saint-Germain (PSG) this summer, according to La Nacion (via Le10Sport). https://t.co/u0t2i4gmd6
— Sportskeeda Football (@skworldfootball) July 3, 2022
28 മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ നെയ്മർ കളിച്ചിട്ടുള്ളത്. 13 ഗോളുകളും 8 അസിസ്റ്റുകളുമാണ് നെയ്മറുടെ സമ്പാദ്യം. അതേസമയം ലയണൽ മെസ്സി കഴിഞ്ഞ സീസണിൽ 11 ഗോളുകളും 14 അസിസ്റ്റുകളുമാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഇരുവരും അടുത്ത സീസണിൽ പ്രകടനം മെച്ചപ്പെടുത്തിയാൽ മാത്രമേ പിഎസ്ജിക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.
നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ നെയ്മർ ജൂനിയർ പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത.പക്ഷേ ഇനി ട്രാൻസ്ഫർ സമവാക്യങ്ങൾ ഏതു രൂപത്തിൽ മാറുമെന്നുള്ളത് കാത്തിരുന്ന് കാണാം.