നെയ്മറുടെ അഭാവം ടീമിന് നല്ലതോ? പ്രതികരിച്ച് ഗാൾട്ടിയർ!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.

ഈ മത്സരത്തിൽ നെയ്മർ ജൂനിയർ പരിക്ക് മൂലം ഉണ്ടാവില്ല. അദ്ദേഹത്തിന്റെ പകരം മുന്നേറ്റ നിരയിൽ പിഎസ്ജി താരങ്ങളെ ഇറക്കില്ല. മറിച്ച് അഞ്ച് ഡിഫൻഡർമാരെ ഉൾപ്പെടുത്തി കൊണ്ടാണ് പിഎസ്ജി കളിക്കുക. നെയ്മർ ഇല്ലാത്തത് പിഎസ്ജിക്ക് ഗുണകരമാകും എന്നുള്ള രൂപത്തിൽ വിലയിരുത്തലുകൾ വന്നിരുന്നു. എന്നാൽ ഇതിനെ പൂർണമായും പിഎസ്ജിയുടെ പരിശീലകൻ തള്ളിക്കളഞ്ഞിട്ടുണ്ട്. നെയ്മറുടെ അഭാവം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു വൈകല്യം തന്നെയാണ് എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മറെ കുറിച്ച് നടക്കുന്ന ഡിബേറ്റുകൾ ഞാൻ വായിച്ചിരുന്നു. വളരെയധികം നിർഭാഗ്യം വേട്ടയാടുന്ന ഒരു താരമാണ് നെയ്മർ.അദ്ദേഹത്തിന്റെ അഭാവം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു വൈകല്യം തന്നെയാണ്.17 ഗോളുകളും 11 അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം ക്ലബ്ബിന് വേണ്ടി നേടിയിട്ടുണ്ട്.നെയ്മറുടെ അഭാവം ടീമിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നല്ലതല്ല.ഈ സീസണിൽ എപ്പോഴും അദ്ദേഹം പ്രൊഫഷണൽ ആയിരുന്നു. വേൾഡ് കപ്പിന് ശേഷം ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.നെയ്മറുടെ അഭാവത്തിൽ ഡിഫൻസ് ഞങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ടീം കൂടുതൽ ബാലൻസ്ഡാവും. പക്ഷേ നെയ്മർ ഇല്ലാത്തത് തിരിച്ചടി തന്നെയാണ്. ടീമിന് അനിവാര്യമായ ഗോളുകൾ നേടാൻ കെൽപ്പുള്ള താരമായിരുന്നു അദ്ദേഹം” ഗാൾട്ടിയർ പറഞ്ഞു.

സർജറി ചെയ്യേണ്ടി വരുന്നതിനാലാണ് നെയ്മർക്ക് ഈ സീസൺ നഷ്ടമാവുക.അടുത്ത സീസണിലാണ് ഇനി നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുക. എന്നാൽ അതിനു മുൻപേ നെയ്മറെ പിഎസ്ജി ഒഴിവാക്കും എന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *