നെയ്മറും ഇകാർഡിയും ഗോളടിച്ചു, ആറിൽ ആറും ജയിച്ച് പിഎസ്ജി!
ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിഎസ്ജി ലിയോണിനെയാണ് കീഴടക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പിഎസ്ജി സ്വന്തം മൈതാനത്ത് ജയിച്ചു കയറിയത്. ലിയോണിന് വേണ്ടി പക്വറ്റ ലീഡ് നേടിയെങ്കിലും നെയ്മർ, ഇകാർഡി എന്നിവരുടെ ഗോളുകൾ പിഎസ്ജിക്ക് ജയം സമ്മാനിച്ചു. ഇതോടെ ലീഗ് വണ്ണിലെ ആറ് മത്സരങ്ങളിൽ ആറും വിജയിച്ച പിഎസ്ജി ഒന്നാം സ്ഥാനത്താണ്.
Hugs all around after a big win ❤️💙 pic.twitter.com/eneleofALT
— Paris Saint-Germain (@PSG_English) September 19, 2021
മെസ്സി, നെയ്മർ, എംബപ്പേ എന്നിവർ പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മെസ്സി ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല.മത്സരത്തിന്റെ 54-ആം മിനിറ്റിലാണ് പക്വറ്റ ലിയോണിന് വേണ്ടി ഗോൾ നേടിയത്.എന്നാൽ 66-ആം മിനുട്ടിലാണ് നെയ്മർ പെനാൽറ്റിയിലൂടെ സമനിലഗോൾ നേടിയത്.പിന്നീട് മത്സരത്തിന്റെ അവസാനനിമിഷം ഇകാർഡി വിജയഗോൾ നേടുകയായിരുന്നു.എംബപ്പേയുടെ അസിസ്റ്റിൽ നിന്നാണ് മൗറോ ഇകാർഡി ഒരു ഹെഡറിലൂടെ വിജയഗോൾ നേടിയത്.