നിങ്ങളുടെ കഥകളിൽ എന്റെ പേര് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കൂ : ഫ്രഞ്ച് മാധ്യമത്തിനെതിരെ എംബപ്പേ!

ഫ്രാൻസ് അണ്ടർ 21 ടീമുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതായത് കഴിഞ്ഞ റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുന്ന കാര്യത്തിൽ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനും ഫ്രാൻസ് അണ്ടർ 21 ടീമിലെ അംഗങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചിരുന്നു.

എന്നാൽ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ഈ ഫ്രാൻസ് താരങ്ങളെ പ്രതിഷേധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ എംബപ്പേക്ക് കഴിയുകയും ചെയ്തിരുന്നു. ഇതായിരുന്നു പ്രമുഖ മാധ്യമമായ ലെ എക്കുപ്പ് റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ ഈ വാർത്തക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. എന്തെന്നാൽ ഈ വാർത്ത പരസ്യമായി നിഷേധിച്ചു കൊണ്ട് എംബപ്പേ തന്നെ രംഗത്ത് വരികയായിരുന്നു. നിങ്ങളുടെ കഥകളിൽ എന്റെ പേര് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കൂ എന്നായിരുന്നു ഈ വാർത്ത ഷെയർ ചെയ്തു കൊണ്ട് എംബപ്പേ ട്വിറ്ററിൽ കുറിച്ചിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

” നിങ്ങളുടെ കഥകളിൽ എന്റെ പേര് ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കൂ. എന്നിട്ട് നിങ്ങൾ നിങ്ങളുടെ സോഴ്സുകൾ ഒന്ന് പരിശോധിക്കൂ.ഗുഡ് ലക്ക് ” ഇതായിരുന്നു കിലിയൻ എംബപ്പേ ട്വിറ്ററിൽ കുറിച്ചിരുന്നത്.

ഇതോടുകൂടി ആ വാർത്തയിൽ യാതൊരുവിധ സത്യങ്ങളും ഇല്ല എന്നത് തെളിയുകയായിരുന്നു. ഫ്രാൻസിലെ തന്നെ ഏറ്റവും പ്രശസ്തമായ മാധ്യമമാണ് ലെ എക്കുപ്പ്.കിലിയൻ എംബപ്പേ പരസ്യമായി തന്നെ ഈ വാർത്ത വ്യാജമാണെന്ന് പറഞ്ഞത് ആ മാധ്യമത്തിനു വളരെയധികം തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ്.

ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം അജാസിയോക്കെതിരെയാണ് കളിക്കുക. ആ മത്സരത്തിൽ എംബപ്പേ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കിരീടം ഉറപ്പിക്കണമെങ്കിൽ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!