ദൈവം ഒരിക്കൽ കൂടി എന്നെ രക്ഷിച്ചു, പരിക്കിനെ കുറിച്ച് നെയ്മർ പറഞ്ഞത് ഇങ്ങനെ !
കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ ലിയോണിനെതിരെ നടന്ന മത്സരത്തിനിടെയാണ് സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റത്. മാരകമായ ഫൗളിന് ഇരയായി കൊണ്ട് നെയ്മർക്കേറ്റ പരിക്ക് ഗുരുതരമാവുമോ എന്നുള്ളത് പലരും ഭയന്നിരുന്നു. എന്നാൽ ഇന്നലെ പുറത്ത് വന്ന ചില റിപ്പോർട്ടുകൾ പ്രകാരം അത്ര ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത്. മൂന്നാഴ്ച്ച താരം പുറത്തിരിക്കേണ്ടി വരുമെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും വിശദമായ വിവരങ്ങൾ ലഭ്യമാവുന്നത് വരെ ഒന്നും തന്നെ ഉറപ്പിക്കാനായിട്ടില്ല. എന്നാൽ സാധ്യമായ വിധത്തിൽ എത്രയും പെട്ടന്ന് കളത്തിലേക്ക് തിരിച്ചെത്തുമെന്ന് നെയ്മർ ആരാധകർക്ക് ഉറപ്പ് നൽകിയിരിക്കുകയാണിപ്പോൾ. ദൈവം ഒരിക്കൽ കൂടി തന്നെ രക്ഷിച്ചുവെന്നും അല്ലെങ്കിൽ ഇതിലും മോശമായ രീതിയിൽ പരിക്കേറ്റിരുന്നേനെ എന്നുമാണ് നെയ്മർ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നെയ്മർ ഇക്കാര്യം അറിയിച്ചത്. ഇരുപത്തിയെട്ടുകാരനായ താരം എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് 48 മണിക്കൂറിനുള്ളിൽ അറിയിക്കാം എന്നാണ് പിഎസ്ജി ഇന്നലെ പ്രസ്താവിച്ചത്.
Neymar: God saved me 🙌
— Goal News (@GoalNews) December 15, 2020
” പരിക്ക് ഇതിലും കൂടുതൽ മോശമായിരുന്നേനെ.. പക്ഷെ ദൈവം ഒരിക്കൽ കൂടി ഗുരുതരമായ പരിക്കിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു. വേദനകൊണ്ടും നിരാശ കൊണ്ടും ഭയം കൊണ്ടും, സർജറി,ക്രച്ചസ് പോലുള്ള ഭീകരമായ ഓർമ്മകൾ കൊണ്ടുമാണ് ഞാൻ അവിടെ കരഞ്ഞത്. എത്രയും പെട്ടന്ന് ഇതിൽ നിന്നും മുക്തനാവാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സാധ്യമായ രീതിയിൽ എത്രയും വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ” നെയ്മർ കുറിച്ചു. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്‌സയെയാണ് പിഎസ്ജി നേരിടുന്നത്. മെസ്സിയെ നേരിടാൻ നെയ്മർ ഉണ്ടാവണേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഫെബ്രുവരി 17, മാർച്ച് 11 എന്നീ തിയ്യതികളിലാണ് പിഎസ്ജിയും ബാഴ്സയും മാറ്റുരക്കുന്നത്.