തോൽവി അംഗീകരിക്കാൻ പഠിക്കണമെന്ന് അൽവാരോ ഗോൺസാലസ്, വായടപ്പൻ മറുപടി നൽകി നെയ്മർ !

സൂപ്പർ താരം നെയ്മർ ജൂനിയറെ വംശീയമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഉള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല.ആരോപണങ്ങളും മറുപടികളുമായി ഇരുതാരങ്ങളും ഇപ്പോഴും പരസ്പരം കൊമ്പുകോർക്കുകയാണ്. കളത്തിലെ വാഗ്വാദത്തിന് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് വാഗ്വാദം അരങ്ങേറുന്നത്. മത്സരശേഷം നെയ്മർ ജൂനിയർ ട്വിറ്ററിലൂടെയാണ് താൻ വംശീയമായി അധിക്ഷേപിക്കപ്പെട്ട കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ കുരങ്ങൻ എന്ന് വിളിച്ചു കൊണ്ട് അധിക്ഷേപിച്ചു എന്നാണ് നെയ്മർ ആരോപിച്ചത്. മത്സരത്തിനിടെയും നെയ്മർ ഇത് തുറന്നു പറഞ്ഞിരുന്നു. ഫോർത്ത് ഒഫീഷ്യൽസുമായി നെയ്മർ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നെയ്മർ താൻ വംശീയഅധിക്ഷേപത്തിന് ഇരയായതായി അറിയിച്ചത്. ഇതിന് അൽവാരോ ഗോൺസാലസ് നെയ്മർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.

കളി തോറ്റാൽ അത്‌ അംഗീകരിക്കാൻ പഠിക്കണമെന്നും അത്‌ കളത്തിൽ ഉപേക്ഷിക്കാൻ പഠിക്കണമെന്നുമായിരുന്നു ഗോൺസാലസ് മറുപടി നൽകിയത്. താൻ വംശീയമായി അധിക്ഷേപിച്ചിട്ടില്ല എന്ന നിലപാടിൽ ഗോൺസാലസ് ഉറച്ചു നിൽക്കുകയും ചെയ്തു. എന്നാൽ ഇതിന് മറുപടി നൽകിയിരിക്കുകയാണിപ്പോൾ നെയ്മർ ജൂനിയർ. സോഷ്യൽ മീഡിയ വഴിയാണ് നെയ്മർ മറുപടി നൽകിയത്. അതിങ്ങനെയാണ്. ” നീ ഒരിക്കലും നിന്റെ പിഴവ് ഏറ്റെടുത്ത് സമ്മതിക്കാൻ പോവുന്നില്ല. അത്തരത്തിലുള്ള ഒരാളല്ല നീ. തോൽവി എന്നത് കളിയുടെ ഭാഗമാണ് എന്നുള്ളത് എനിക്കറിയാം. പക്ഷെ നീ ചെയ്തത് എന്നെ അപമാനിക്കുകയും ഞങ്ങളുടെ ജീവിതത്തിലേക്ക് റേസിസത്തെ കൊണ്ടുവരികയുമാണ് ചെയ്തത്. അതൊരിക്കലും ഞാൻ അംഗീകരിക്കാൻ പോവുന്നില്ല. ഞാനൊരിക്കലും നിന്നെ ബഹുമാനിക്കാനും പോവുന്നില്ല. എന്തെന്നാൽ നിനക്ക് ഒരു വ്യക്തിത്വമില്ല ” നെയ്മർ മറുപടിയായി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *