താരകൈമാറ്റത്തിന് താല്പര്യമില്ല, നെയ്മർക്ക് വിലയിട്ട് പിഎസ്ജി

ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് നെയ്മർ ജൂനിയർ. താരത്തെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് വന്ന സാമ്പത്തികപ്രതിസന്ധി ബാഴ്സയെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. കൂടാതെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും നെയ്മറിൽ കണ്ണുവെച്ചിരുന്നു. ലോകറെക്കോർഡ് തുകക്ക് ടീമിലെത്തിയ താരത്തെ കൈവിടാൻ പിഎസ്ജിക്ക് താല്പര്യവുമില്ല. എന്നാലിപ്പോൾ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് മുന്നിൽ കൃത്യമായ വില പറഞ്ഞു വെച്ചിരിക്കുകയാണ് പിഎസ്ജി. പ്രമുഖഫുട്ബോൾ മാധ്യമമായ ഡെയിലി മെയിൽ ആണ് നെയ്മർക്ക് പിഎസ്ജി വിലയിട്ട കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. 155 മില്യൺ പൗണ്ട് (175 മില്യൺ യുറോ) ആണ് താരത്തെ സ്വന്തമാക്കാൻ വേണ്ടി മറ്റുള്ള ക്ലബുകൾ പിഎസ്ജിക്ക് നൽകേണ്ടി വരുന്നത്.

മറ്റൊരു നിബന്ധന കൂടിയും പിഎസ്ജി മുന്നോട്ട് വെച്ചിട്ടുണ്ട്. തങ്ങൾ യാതൊരു വിധത്തിലുള്ള സ്വാപ് ഡീലിനും അഥവാ താരകൈമാറ്റത്തിനും തയ്യാറാവില്ല എന്നാണ് പിഎസ്ജി അറിയിച്ചിരിക്കുന്നത്. അതായത് മുഴുവൻ തുകയും പണമായി നൽകിയാൽ മാത്രമേ നെയ്മറെ പിഎസ്ജി വിട്ടുനൽകുകയൊള്ളൂ എന്നർത്ഥം. ഈയൊരു അവസ്ഥയിൽ ബാഴ്സ താരത്തെ ക്യാമ്പ് നൗവിൽ എത്തിക്കാനുള്ള സാധ്യത കുറവാണ്. ലൗറ്ററോ മാർട്ടിനെസിന് വേണ്ട തുക തന്നെ മുടക്കാൻ പറ്റാത്ത സാഹചര്യത്തിൽ നെയ്മറെ പറ്റി ബാഴ്സ ചിന്തിക്കപോലും ചെയ്യാൻ സാധ്യതയില്ല. മറ്റൊരു അഭ്യൂഹം എന്നുള്ളത് റയൽ മാഡ്രിഡാണ്. എന്നാൽ മാഡ്രിഡ്‌ പരിശീലകൻ സിദാന് നെയ്മറെക്കാൾ താല്പര്യം എംബാപ്പെയാണ്. അതും ഉടനെ ടീമിൽ എത്തിക്കേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. ഇതിനാൽ തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുക എന്നത് നെയ്മർക്ക് കേവലമൊരു പാഴ്സ്വപ്നം മാത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *