ടീമിനെ ശക്തിപ്പെടുത്തണം, മെസ്സിയുൾപ്പടെ മൂന്ന് താരങ്ങളെയെത്തിക്കാൻ പിഎസ്ജി!

തങ്ങളുടെ ആദ്യചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം ഇക്കുറിയും നടപ്പിലാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള സെമി ഫൈനലിൽ പരാജയമേറ്റുവാങ്ങിയതോടെയാണ് പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം ഇത്തവണയും നടക്കാതെ പോയത്. പക്ഷേ ഇതുകൊണ്ടൊന്നും പിഎസ്ജി പിന്മാറുന്ന പ്രശ്നമില്ല. ഒരുപിടി മികച്ച താരങ്ങളെ എത്തിച്ചു കൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കാനാണ് പിഎസ്ജി ഇനിയും ശ്രമിക്കുക. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. പിഎസ്ജിയുടെ ഭാവി ട്രാൻസ്ഫർ പദ്ധതികളാണ് ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

ഒന്നാമതായി സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ എന്നിവരുടെ കരാർ പുതുക്കി കൊണ്ട് അവരെ നിലനിർത്തുക എന്നുള്ളതാണ് പിഎസ്ജി ചെയ്യുക. പിന്നീട് മുന്നേറ്റ നിരയിലേക്ക് സൂപ്പർ താരം ലയണൽ മെസ്സിയെ എത്തിക്കാൻ ശ്രമിക്കും. താരം ഫ്രീ ഏജന്റ് ആവാനിരിക്കുകയാണ്. താരത്തെ ലഭിച്ചില്ലെങ്കിൽ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ എത്തിക്കാൻ ശ്രമിച്ചേക്കും. താരം ലിവർപൂൾ വിട്ടേക്കുമെന്നുള്ള വാർത്തകളും സജീവമാണ്.

രണ്ടാമതായി ഒരു മധ്യനിര താരത്തെയാണ് പിഎസ്ജിക്കാവിശ്യം. പരേഡസ്, വെറാറ്റി എന്നിവർക്കൊപ്പം കളിക്കാൻ റെന്നസിന്റെ യുവസൂപ്പർ താരം കാമവിങ്കയെയാണ് പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്. പതിനെട്ടുകാരനായ താരത്തിന്റെ പിന്നാലെ റയൽ ഉൾപ്പടെയുള്ള പ്രമുഖരുണ്ട്. താരത്തിന് വേണ്ടി പിഎസ്ജി ഒരല്പം പണമൊഴുക്കേണ്ടി വരുമെന്നുറപ്പാണ്. താരത്തെ ലഭിക്കാത്ത പക്ഷം ലിവർപൂളിന്റെ ഡച്ച് മിഡ്‌ഫീൽഡർ വിനാൾഡത്തെ എത്തിക്കാൻ പിഎസ്ജി ശ്രമിച്ചേക്കും. താരം ഈ സീസണോട് കൂടി ഫ്രീ ഏജന്റ് ആവും.

മൂന്നാമതായി പിഎസ്ജിക്ക് വേണ്ടത് ഒരു റൈറ്റ് ബാക്കിനെയാണ്.ടോട്ടെൻഹാമിന്റെ സെർജ് ഓറിയറിനെയാണ് ഈ സ്ഥാനത്തേക്ക് പിഎസ്ജി പരിഗണിക്കുന്നത്. ഏതായാലും ഈ വരുന്ന ട്രാൻസ്ഫറിലും നിർണായകശക്തിയായി പിഎസ്ജി രംഗത്തുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *