ചരിത്രത്തിലെ മികച്ച താരം അടുത്തുണ്ട്, എന്നിട്ടും എല്ലാ അധികാരവും എംബപ്പേക്ക് നൽകി : വിമർശിച്ച് ഡി മരിയ

സൂപ്പർ താരം ലയണൽ മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടാനുള്ള സാധ്യതകൾ ഉണ്ട് എന്നുള്ളത് ഫ്രഞ്ച് മാധ്യമങ്ങൾ തന്നെയായിരുന്നു കണ്ടെത്തിയിരുന്നത്. അതിലൊരു കാരണം എംബപ്പേയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് പിഎസ്ജി നിർമ്മിക്കുന്ന പ്രൊജക്റ്റ് ആയിരുന്നു. ആ പ്രോജക്ടിൽ ലയണൽ മെസ്സിക്ക് സംശയങ്ങളുണ്ട്.മാത്രമല്ല ക്ലബ്ബിനകത്തെ ആഭ്യന്തര കലഹങ്ങളും മെസ്സിയെ മടുപ്പിക്കുന്നുണ്ട്.

നിലവിൽ പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് കിലിയൻ എംബപ്പേക്കാണ്. മാത്രമല്ല കരാർ പുതുക്കിയ സമയത്ത് എംബപ്പേക്ക് കൂടുതൽ അധികാരങ്ങൾ ക്ലബ്ബിനകത്ത് ലഭിച്ചു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ വിഷയത്തിൽ മുൻ പിഎസ്ജി താരമായ ഡി മരിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി അടുത്തുണ്ടായിട്ടും എംബപ്പേക്ക് അധികാരങ്ങൾ നൽകിയതിനെയാണ് ഇദ്ദേഹം ചോദ്യം ചെയ്തിട്ടുള്ളത്.ഡി മരിയയുടെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എല്ലാ ഉത്തരവാദിത്വവും ക്ലബ്ബ് എംബപ്പേക്കാണ് നൽകിയത്. അദ്ദേഹത്തെ അവിടെ തുടരാൻ പ്രേരിപ്പിച്ചു, മാത്രമല്ല ആർക്കും നൽകാത്ത ഉത്തരവാദിത്വങ്ങൾ അവർ എംബപ്പേക്ക് മാത്രമായി നൽകി. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അടുത്തുണ്ടായിട്ട് പോലും അവർ എല്ലാ അധികാരങ്ങളും നൽകിയത് എംബപ്പേക്കാണ്.അതൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം ഫ്രഞ്ചുകാരനായതുകൊണ്ടാണ് അവർ അധികാരങ്ങളെല്ലാം നൽകിയത്. പക്ഷേ അദ്ദേഹം മികച്ച ഒരു താരം തന്നെയാണ് ” ഡി മരിയ പറഞ്ഞു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഡി മരിയ പിഎസ്ജി വിട്ടു കൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. വരുന്ന സമ്മറിലും പിഎസ്ജിയിൽ എന്ന് ഒരുപാട് താരങ്ങൾ പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്. എന്നാൽ മെസ്സിയുടെയും നെയ്മറുടെയും ഭാവി എന്താവും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *