ക്രിസ്റ്റ്യാനോയേക്കാൾ കുറഞ്ഞ മത്സരം കളിച്ച് 700ലെത്തി മെസ്സി,വിശദവിവരങ്ങൾ.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടി കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനം നടത്തി.ഈ ഗോളോട് കൂടി ക്ലബ്ബ് തലത്തിൽ 700 ഗോളുകൾ പൂർത്തിയാക്കാനും ഇപ്പോൾ മെസ്സിക്ക് സാധിച്ചു.

840 മത്സരങ്ങളിൽ നിന്നാണ് മെസ്സി 700 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. 672 ഗോളുകൾ എഫ്സി ബാഴ്സലോണക്ക് വേണ്ടിയും 28 ഗോളുകൾ പിഎസ്ജിക്ക് വേണ്ടിയുമാണ് മെസ്സി നേടിയിട്ടുള്ളത്. അതേസമയം ക്ലബ്ബ് തലത്തിൽ നേരത്തെ എഴുന്നൂറ് ഗോളുകൾ പൂർത്തിയാക്കാൻ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിരുന്നു.പക്ഷേ 943 മത്സരങ്ങളിൽ നിന്നായിരുന്നു അദ്ദേഹം 700 ഗോളുകൾ പൂർത്തിയാക്കിയത്.ക്രിസ്റ്റ്യാനോയേക്കാൾ 103 മത്സരങ്ങൾ കുറവ് കളിച്ചു കൊണ്ടാണ് മെസ്സി ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

ഇനി മെസ്സിയുടെ ഈ 700 ഗോളുകളുടെ വിശദവിവരങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.489 ഗോളുകൾ പെനാൽറ്റി ബോക്സിന്റെ അകത്തു വച്ചുകൊണ്ടാണ് മെസ്സി നേടിയിട്ടുള്ളത്. പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്നും 75 തവണ മെസ്സി ഗോളുകൾ നേടിയിട്ടുണ്ട്. കൂടെ 52 ഫ്രീകിക്ക് ഗോളുകളും 84 പെനാൽറ്റി ഗോളുകളും ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.

ഇടതുകാലുകൊണ്ട് 581 ഗോളുകൾ ആണ് മെസ്സി ആകെ നേടിയിട്ടുള്ളത്. വലതു കാലുകൊണ്ട് മെസ്സി 92 ഗോളുകൾ നേടി.24 ഹെഡർ ഗോളുകളും മറ്റുള്ള ശരീര ഭാഗങ്ങൾ കൊണ്ട് 3 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്.48 ഹാട്രിക്കുകളാണ് മെസ്സി ക്ലബ്ബുകൾക്ക് വേണ്ടി പൂർത്തിയാക്കിയിട്ടുള്ളത്.190 മത്സരങ്ങളിൽ ഇരട്ട ഗോളുകൾ നേടി.ആകെ 453 മത്സരങ്ങളിലാണ് മെസ്സി സ്കോർ ചെയ്തിട്ടുള്ളത്. ഇതൊക്കെയാണ് ലയണൽ മെസ്സിയുടെ 700 ക്ലബ്ബ് ഗോളുകളുടെ വിശദമായ വിവരങ്ങൾ.ഏതായാലും ഇനിയും ഒരുപാട് ഗോളുകൾ ലയണൽ മെസ്സി തന്റെ കരിയറിൽ നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *