എംബപ്പേയെ സ്വന്തമാക്കണം, മെസ്സിയുടെ ഓഫർ നൽകാൻ MLS!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമി സ്വന്തമാക്കിയത്.രണ്ടര വർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്. സാലറിക്ക് പുറമേ ബോണസ്സുകളും ലയണൽ മെസ്സിക്ക് ലഭിച്ചിരുന്നു. മാത്രമല്ല MLS ന്റെ പാർട്ട്ണർമാരിൽ നിന്നും റവന്യൂ ഷെയറിങ്ങും ലയണൽ മെസ്സിക്ക് ലഭിക്കുന്നുണ്ട്. അങ്ങനെ ആകർഷകമായ ഒരു കരാർ തന്നെയാണ് ലയണൽ മെസ്സിക്ക് അമേരിക്കയിലുള്ളത്.

ഇത്തരത്തിലുള്ള ആകർഷകമായ ഒരു കരാർ നൽകിക്കൊണ്ട് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ MLS ഉള്ളത്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു ചെറിയ കാലയളവിലേക്ക് എംബപ്പേയെ കൊണ്ടുവരാനാണ് MLS ന്റെ പദ്ധതി.പിന്നീട് അദ്ദേഹത്തിന് യൂറോപ്പിലേക്ക് മടങ്ങി കരിയറിന്റെ അവസാനഘട്ടത്തിൽ MLS തിരികെയെത്താം.അത്തരത്തിലുള്ള ഒരു പദ്ധതിയാണ് ഇവർ ആവിഷ്കരിച്ചിരിക്കുന്നത്.

മെസ്സിക്ക് പുറമേ എംബപ്പേയും കൂടി ഇപ്പോൾ ലീഗിലേക്ക് വന്നാൽ വലിയ വളർച്ച ഉണ്ടാവുമെന്നാണ് എംഎൽഎസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഷോർട് ടെം ഡീൽ പോലും നൽകാൻ MLS തയ്യാറായിട്ടുള്ളത്.പക്ഷെ എംബപ്പേയെ കിട്ടാനുള്ള സാധ്യത വളരെയധികം കുറവാണ്. അദ്ദേഹം പിഎസ്ജി വിടുകയാണെങ്കിൽ അത് റയൽ മാഡ്രിഡിന് വേണ്ടിയായിരിക്കും.

ഈ സമ്മറിൽ തന്നെ അദ്ദേഹത്തെ ഒഴിവാക്കാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. അതേസമയം ഒരു വർഷത്തേക്ക് വലിയ ഒരു ഓഫർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ നൽകിയിരുന്നുവെങ്കിലും അത് നിരസിക്കുകയായിരുന്നു.അത്കൊണ്ട് തന്നെ എംഎൽഎസ് ഒരു വർഷത്തേക്ക് ഓഫർ നൽകിയാലും അത് നിരസിക്കപ്പെടാൻ തന്നെയാണ് സാധ്യത. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് പോവാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *