ഇനി നീ ഇവിടെ കളിക്കാൻ പോകുന്നില്ലെന്ന് വെറാറ്റിയോട് എൻറിക്കെ,നെയ്മർക്കൊപ്പം ഒരുമിക്കാൻ താരം.

ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ പിഎസ്ജി എന്ന ക്ലബ്ബിൽ നടന്നുകൊണ്ടിരിക്കുന്നത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. മറ്റു താരങ്ങളായ ലിയാൻഡ്രോ പരെഡസ്,റെനാറ്റൊ സാഞ്ചസ്,സാവി സിമൺസ് എന്നിവരൊക്കെ ക്ലബ്ബ് വിട്ടു കഴിഞ്ഞിട്ടുണ്ട്. ഇനിയും ചില താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുകയാണ്.

ക്ലബ്ബിന്റെ പുതിയ പരിശീലകനായ ലൂയിസ് എൻറിക്കെയുടെ പ്ലാനുകളിൽ ഇടമില്ലാത്ത താരമാണ് മാർക്കോ വെറാറ്റി. അദ്ദേഹത്തോട് പുതിയ ക്ലബ്ബിനെ കണ്ടെത്താൻ ഈ പരിശീലകൻ ആവശ്യപ്പെട്ടിട്ടുണ്ട്. 11 വർഷക്കാലം പിഎസ്ജിയുടെ ഭാഗമായ താരമാണ് വെറാറ്റി.2012-ൽ ക്ലബ്ബിൽ എത്തിയ അദ്ദേഹം ഇപ്പോൾ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ലെ പാരീസിയൻ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. അതായത് നീ ഒരിക്കലും ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കില്ല എന്നുള്ള കാര്യം എൻറിക്കെ വെറാറ്റിയോട് നേരിട്ട് പറഞ്ഞു എന്നാണ് ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ലബ്ബ് വിടുകയല്ലാതെ ഇപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ മറ്റു ഓപ്ഷനുകളില്ല. ഈ സീസണിൽ ഇതുവരെ പിഎസ്ജിക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല.

പിഎസ്ജി സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോയിരുന്നു. ആ ക്ലബ്ബിലേക്ക് വെറാറ്റിയും എത്താൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ ഇപ്പോൾ സജീവമാണ്. അതേസമയം ഖത്തറി ക്ലബ്ബായ അൽ അറബിയും അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏതായാലും ദീർഘകാലം പിഎസ്ജിയുടെ കുന്തമുനയായി പ്രവർത്തിച്ച വെറാറ്റിയും ക്ലബ്ബിനോട് വിട പറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *