അർജന്റൈൻ താരങ്ങളെ ഒഴിവാക്കാൻ പിഎസ്ജി!
ഈ സീസണിലായിരുന്നു സൂപ്പർതാരമായ ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിലേക്കെത്തിയത്. ഇതോടെ പിഎസ്ജിയിലുള്ള അർജന്റൈൻ താരങ്ങളുടെ എണ്ണം നാലായി വർധിച്ചിരുന്നു.എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ്,മൗറോ ഇക്കാർഡി എന്നിവർ നേരത്തെ തന്നെ പിഎസ്ജിയിൽ ഉണ്ടായിരുന്ന അർജന്റൈൻ താരങ്ങളാണ്.
എന്നാൽ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഒഴികെയുള്ള എല്ലാ അർജന്റൈൻ താരങ്ങളെയും ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.വരുന്ന സമ്മറിൽ ഡി മരിയ,ഇക്കാർഡി,പരേഡസ് എന്നീ മൂന്ന് പേരെയും കൈവിടാനാണ് പിഎസ്ജിയിപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഈ സീസണോട് കൂടിയാണ് ഡി മരിയയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ ഡിമരിയക്ക് താൽപര്യമുണ്ടെങ്കിലും ക്ലബ്ബിന് താൽപര്യമില്ല.ഈ ലീഗ് വണ്ണിൽ കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് ഡിമരിയക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്.ഏഴ് വർഷം ക്ലബ്ബിൽ തുടർന്നതിന് ശേഷമാണ് ഡി മരിയ പിഎസ്ജി വിടാനൊരുങ്ങി നിൽക്കുന്നത്.
PSG looking to part ways with every Argentine at the club barring Lionel Messi. (L'Éq)https://t.co/Mpih0chRG6
— Get French Football News (@GFFN) April 19, 2022
അതേസമയം ഇക്കാർഡിക്ക് ഈ വർഷം ഒരൊറ്റ ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല താരത്തിന്റെ ഭാര്യയുടെ പല പ്രസ്താവനകളും ഇടപെടലുകളും ക്ലബ്ബിന് തലവേദനയാണ്. അതുകൊണ്ടുതന്നെ ഇക്കാർഡിയെ ഒഴിവാക്കാനും പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ ലിയാൻഡ്രോ പരേഡസിനെയും ഇനി ആവശ്യമില്ല എന്ന നിലപാടിലാണ് നിലവിൽ പിഎസ്ജിയുള്ളത്. നേരത്തെ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.വരുന്ന സമ്മറിൽ പരേഡസിനും കൂടുമാറേണ്ടി വന്നേക്കും.
ഇങ്ങനെയൊക്കെ സംഭവിക്കുകയാണെങ്കിൽ ലയണൽ മെസ്സി മാത്രമായിരിക്കും പിഎസ്ജിയിൽ അവശേഷിക്കുന്ന ഏക അർജന്റൈൻ താരം.