മെസ്സി എന്ന് ടീമിനൊപ്പം ചേരും? പാർക്ക് ഡെസ് പ്രിൻസസിൽ അദ്ദേഹത്തിന് ലഭിക്കുന്ന വരവേൽപ്പിൽ ആശങ്കയില്ലെന്നും ഗാൾട്ടിയർ!

സൂപ്പർ താരം ലയണൽ മെസ്സി ഇതുവരെ തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം ചേർന്നിട്ടില്ല എന്നുള്ളത് പിഎസ്ജി ആരാധകർക്ക് ഒരല്പം അതൃപ്‌തി ഉണ്ടാക്കുന്ന കാര്യമാണ്.മറ്റുള്ള അർജന്റീന താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ ക്ലബ്ബിനോടൊപ്പം ചേർന്നു കഴിഞ്ഞു. മാത്രമല്ല ലയണൽ മെസ്സിയുടെ സഹതാരമായ കിലിയൻ എംബപ്പേയെ മെസ്സിയുടെ ചില അർജന്റീന സഹതാരങ്ങൾ അധിക്ഷേപിച്ചതിൽ പിഎസ്ജി ആരാധകർക്ക് എതിർപ്പുണ്ട് എന്നുള്ള റിപ്പോർട്ടുകളും സജീവമായിരുന്നു. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ എങ്ങനെയായിരിക്കും പിഎസ്ജി ആരാധകർ വരവേൽക്കുക എന്നുള്ളതാണ് ഫുട്ബോൾ ലോകം നോക്കി കാണുന്നത്.

ലയണൽ മെസ്സി എന്ന് ക്ലബ്ബിനൊപ്പം ചേരും? പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറോട് ചോദിക്കപ്പെട്ടിരുന്നു. ജനുവരി മൂന്നാം തീയതി എന്തായാലും അദ്ദേഹം ടീമിനൊപ്പം ചേരും എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല അദ്ദേഹത്തിന് പിഎസ്ജി ആരാധകർ നൽകുന്ന വരവേൽപ്പിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ വെൽക്കം ചെയ്യുന്നതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്.തീർച്ചയായും ജനുവരി മൂന്നാം തീയതി അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യുക തന്നെ ചെയ്യും.തീർച്ചയായും തന്റെ ഹോം മൈതാനത്ത് നല്ല രൂപത്തിലുള്ള ഒരു വരവേൽപ്പ് തന്നെ അദ്ദേഹത്തിന് ലഭിക്കും.പാർക്ക് ഡെസ് പ്രിൻസസിൽ അദ്ദേഹത്തിന് ആരാധകർ നല്ല രീതിയിൽ വരവേൽപ്പ് നൽകും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല.ലോകത്തിലെ ഏറ്റവും മനോഹരമായ കിരീടമാണ് അദ്ദേഹം നേടിയിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ പുറത്തെടുത്തുകൊണ്ടിരിക്കുന്ന പ്രകടനം അദ്ദേഹത്തിന് തുടരാനും കഴിഞ്ഞിട്ടുണ്ട് ” പിഎസ്ജി പരിശീലകൻ പറഞ്ഞു.

ഏതായാലും ലയണൽ മെസ്സിയും നെയ്മറും ഇല്ലാതെയായിരുന്നു കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ലെൻസിനെ നേരിട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *