മെസ്സിയെ വെറുതെ വിടൂ : പിന്തുണയുമായി ബ്രസീലിയൻ സൂപ്പർതാരം.

സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെയുള്ള പിഎസ്ജി ആരാധകരുടെ പെരുമാറ്റം വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടയിൽ പലപ്പോഴും ലയണൽ മെസ്സിയെ പിഎസ്ജി ആരാധകർ കൂവി വിളിക്കുകയായിരുന്നു. ഇതിനുമുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.അതോടെയാണ് ലയണൽ മെസ്സി കാണികളെ അഭിവാദ്യം ചെയ്യുന്നത് അവസാനിപ്പിച്ചത്.

പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറയാനുള്ള തീരുമാനം നേരത്തെ തന്നെ ലയണൽ മെസ്സി എടുത്ത് കഴിഞ്ഞതാണ്. ഇനി ക്ലബ്ബിനോടൊപ്പം മെസ്സി കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പങ്കെടുക്കുക. ഏതായാലും പിഎസ്ജി ആരാധകർ മെസ്സിയെ ട്രീറ്റ് ചെയ്യുന്ന രീതിക്കെതിരെ ബ്രസീലിയൻ സൂപ്പർ താരവും പിഎസ്ജിയുടെ നായകനുമായ മാർക്കിഞ്ഞോസ് രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയെ വെറുതെ വിടൂ എന്നാണ് ഇദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്.മാർക്കിഞ്ഞോസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ സമാധാനപരമായി ആരാധകർ നടത്തുന്ന പ്രതിഷേധങ്ങളെ ഞാൻ എപ്പോഴും പിന്തുണക്കാറുണ്ട്.പക്ഷേ അത് ആവശ്യമായ സ്ഥലത്തും സമയത്തുമായിരിക്കണം. എനിക്കിപ്പോൾ ആരാധകരോട് പറയാനുള്ളത് ഒരു താരത്തെ മാത്രം ലക്ഷ്യം വെക്കരുത് എന്നതാണ്.അദ്ദേഹത്തെ വെറുതെ വിടൂ.അദ്ദേഹം മാത്രമല്ല കളിക്കുന്നത്. ഞങ്ങൾ ടീമായി കൊണ്ടാണ് കളിക്കുന്നത്. അദ്ദേഹം തനിച്ച് ഒന്നും ചെയ്യുന്നില്ല എന്നത് വളരെ വ്യക്തമാണ് ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈയിടെ മാർക്കിഞ്ഞോസ് പുതുക്കിയിരുന്നു. ദീർഘകാലം പിഎസ്ജിയിൽ തന്നെ തുടരാനാണ് ഈ ബ്രസീലിയൻ പ്രതിരോധനിര താരത്തിന്റെ പദ്ധതി. അതേസമയം മെസ്സി,നെയ്‌മർ,വെറാറ്റി എന്നിവരൊക്കെ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!