മെസ്സിയെ കാത്തിരിക്കുകയാണ് : എമി മാർട്ടിനസിന്റെ സെലിബ്രേഷൻ വിഷയത്തിൽ പ്രതികരിച്ച് എംബപ്പേ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്താൻ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് കഴിഞ്ഞിരുന്നു. ഫൈനൽ മത്സരത്തിൽ ഹാട്രിക്ക് കരസ്ഥമാക്കിയെങ്കിലും ഫ്രാൻസ് അർജന്റീനക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടെ പലതവണ അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് എംബപ്പേയെ അപമാനിച്ചിരുന്നു. ഫുട്ബോൾ ലോകത്ത് അത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിവാദങ്ങളോട് ഇപ്പോൾ കിലിയൻ എംബപ്പേ പ്രതികരിച്ചിട്ടുണ്ട്. അതായത് എമിയുടെ പ്രവർത്തി താൻ കാര്യമാക്കുന്നില്ല എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ലയണൽ മെസ്സിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടേണ്ടതുണ്ടെന്നും എംബപ്പേ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സെലിബ്രേഷനുകൾ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. ഇത്തരം കാര്യങ്ങളുടെ പിറകെ പോയി എന്റെ എനർജി പാഴാക്കാൻ ഞാൻ ഒരുക്കമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ ക്ലബ്ബിന് ഞാൻ പരമാവധി നൽകുക എന്നുള്ളതാണ്.തീർച്ചയായും ഞങ്ങൾ എല്ലാവരും ലയണൽ മെസ്സിക്ക് വേണ്ടി കാത്തിരിക്കുകയാണ്.കൂടുതൽ ഗോളുകളും വിജയങ്ങളും ഒക്കെ ഞങ്ങൾക്ക് നേടേണ്ടതുണ്ട്.മത്സരത്തിനുശേഷം ഞാൻ മെസ്സിയുമായി സംസാരിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു. മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു എന്നുള്ളത് ശരിയാണ്. പക്ഷേ നമ്മൾ എപ്പോഴും മികച്ച താരങ്ങളായി കൊണ്ട് തുടരേണ്ടതുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് വിജയം സമ്മാനിച്ചത് കിലിയൻ എംബപ്പേയുടെ പെനാൽറ്റി ഗോൾ ആയിരുന്നു.ഈ ലീഗ് വണ്ണിൽ 13 ഗോളുകൾ ഇപ്പോൾ താരം പൂർത്തിയാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!