പുതിയ താരങ്ങളെ എത്തിക്കണം, ടീമിന്റെ തോൽവിയിൽ അസംതൃപ്തി പ്രകടിപ്പിച്ച് ടുഷേൽ !

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മാഴ്സെയോട് പിഎസ്ജി തോൽവി ഏറ്റുവാങ്ങിയിരുന്നു. ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പിഎസ്ജി തോൽവി രുചിക്കുന്നത്. ഇതോടെ പിഎസ്ജി അവസാനസ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇപ്പോഴിതാ മത്സരത്തിന് ശേഷം തന്റെ ടീമിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പിഎസ്ജി പരിശീലകൻ. ടീമിന്റെ പ്രകടനത്തിൽ താൻ സന്തോഷവാനാണെന്നും എന്നാൽ ടീമിന്റെ തോൽവിയിൽ താൻ നിരാശയുള്ളവനാണെന്നും ടുഷേൽ അറിയിച്ചു. നിരവധി താരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചുവെന്നും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കണമെന്നും ടുഷേൽ മത്സരശേഷം പറഞ്ഞു. തങ്ങൾക്ക് ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ടെന്നും പുതിയ താരങ്ങൾ പിഎസ്ജിയിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരിശീലകൻ അറിയിച്ചു.

” എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല. ചില മത്സരഫലങ്ങൾ പ്രകടനത്തിന്റെ പ്രതിഫലനമായിരിക്കില്ല കാണിക്കുക. അവസാന മൂന്ന് മിനിറ്റുകളിൽ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങൾ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അത്‌ വളരെ കൂടുതലായിരുന്നു. അതിന്റെ പരിണിതഫലങ്ങൾ ഞാനാണ് അനുഭവിക്കാൻ പോവുക. ഈ മത്സരഫലത്തിൽ ഞാൻ നിരാശനാണ്. പക്ഷെ മികച്ച മത്സരമായിരുന്നു. പിഎസ്ജി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്റെ ടീം എടുത്ത അധ്വാനത്തിൽ ഞാൻ സന്തോഷവാനാണ്. ഇത്പോലെ ഞങ്ങൾ കളിക്കുകയാണെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഞങ്ങൾക്ക് വിജയിക്കാനാവും. ഞാൻ സന്തോഷവാനാണ്. ഞങ്ങൾ ഗോൾ നേടിയില്ല എന്നുള്ളത് ഒരു അസാധാരണമായ കാര്യമാണ്. തീർച്ചയായും മികച്ച പ്രകടനം തന്നെയാണ് ഞങ്ങൾ കാഴ്ച്ചവെച്ചത്. ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾക്ക് ഒരുപാട് താരങ്ങളുടെ അഭാവമുണ്ട്. ഒരു ചെറിയ സ്‌ക്വാഡ് ആണ് ഞങ്ങളുടേത്. ടീമിലേക്ക് പുതിയ താരങ്ങൾ എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അഞ്ച് താരങ്ങളെ ഞങ്ങൾക്ക് നഷ്ടമായി എന്നുള്ളത് രഹസ്യമായ കാര്യമല്ല. കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്കാണ് പോവുന്നത്. ഞങ്ങൾക്ക് ഒരുപാട് മത്സരങ്ങൾ ഇനിയും കളിക്കാനുണ്ട്. ചാമ്പ്യൻസ് ലീഗിലെത് ഉൾപ്പടെ ഇത്രയധികം മത്സരങ്ങൾ കളിച്ച മറ്റൊരു ടീമുണ്ടോ എന്നെനിക്കറിയില്ല ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *