പിഎസ്ജിക്ക് കിട്ടിയത് മുട്ടൻ പണി,പ്രതികരിച്ച് ഖലീഫി!
ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.പുതിയ ഫോർമാറ്റിലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നടക്കുന്നത്.ഗ്രൂപ്പ് സ്റ്റേജിൽ ഓരോ ടീമിനും എട്ടു വീതം മത്സരങ്ങളാണ് കളിക്കേണ്ടി വരിക. നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ പണി കിട്ടിയത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് തന്നെയാണെന്ന് പറയേണ്ടിവരും.കാരണം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഒരുപിടി വമ്പന്മാർക്കെതിരെ അവർക്ക് കളിക്കേണ്ടി വരുന്നുണ്ട്.
ശക്തരായ മാഞ്ചസ്റ്റർ സിറ്റി,ബയേൺ മ്യൂണിക്ക് എന്നിവരായിരിക്കും അവർക്ക് ഏറ്റവും കൂടുതൽ വെല്ലുവിളികൾ ഉയർത്തുക. കൂടാതെ അത്ലറ്റിക്കോ മാഡ്രിഡ്,ആഴ്സണൽ എന്നിവർക്കെതിരെയും അവർ കളിക്കേണ്ടി വരുന്നുണ്ട്.ഇതിന് പുറമേ PSV,സാൽസ്ബർഗ്, ജിറോണ,സ്റ്റുട്ട്ഗർട്ട് എന്നിവരാണ് എതിരാളികളായി കൊണ്ട് വന്നിട്ടുള്ളത്.ചുരുക്കത്തിൽ എല്ലാ ടീമുകൾക്കെതിരെയും പിഎസ്ജി നന്നായി വിയർക്കും എന്ന് ഉറപ്പാണ്.പക്ഷേ തങ്ങൾക്ക് മികച്ച താരങ്ങൾ ഉണ്ടെന്ന് അവരുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി ഇപ്പോൾ അവകാശപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.
” ഏറ്റവും മികച്ച ക്ലബ്ബുകൾ മാറ്റുരക്കുന്ന ലോകത്തെ ഏറ്റവും മികച്ച കോമ്പറ്റീഷൻ ചാമ്പ്യൻസ് ലീഗാണ്. പുതിയ ഫോർമാറ്റ് മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ കരുത്തുറ്റതും കഠിനമായതുമാണ്. വലിയ മത്സരങ്ങൾ കളിക്കേണ്ടി വരുന്നു. എല്ലാവരും അതിനു വേണ്ടി തന്നെയാണ് കാത്തിരിക്കുന്നത്.താരങ്ങളും പരിശീലകരും ആരാധകരും മാധ്യമങ്ങളും വലിയ മത്സരങ്ങൾ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഈ കോമ്പറ്റീഷന് വേണ്ടി വളരെ ആവേശഭരിതരാണ്. താരങ്ങൾ ഇപ്പോൾ തന്നെ മത്സരങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാവും.തയ്യാറെടുക്കാൻ ഞങ്ങൾക്ക് സമയമുണ്ട്.ബുദ്ധിമുട്ടേറിയതാണ്, പക്ഷേ മനോഹരവുമാണ്. ഞങ്ങൾക്ക് ഇപ്പോൾ തന്നെ മികച്ച താരങ്ങൾ ഉണ്ട്.കൂടാതെ യൂറോപ്പിൽ ഏറ്റവും കൂടുതൽ യുവ താരങ്ങൾ ഉള്ള ക്ലബ്ബുകളിൽ ഒന്നുകൂടിയാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ ഈ ടീമിൽ എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട് ” ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
മത്സരങ്ങൾക്കുള്ള ഫിക്സ്ചർ ഇതുവരെ പുറത്തുവന്നിട്ടില്ല.മാഞ്ചസ്റ്റർ സിറ്റി,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് പിഎസ്ജി നേരിടുക. അതേസമയം ബയേണിനേയും ആഴ്സണലിനെയും അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് പിഎസ്ജി നേരിടുക.കിലിയൻ എംബപ്പേയുടെ അഭാവത്തിലാണ് പിഎസ്ജി ഇത്തവണ കളിക്കാൻ വരുന്നത്.