നെയ്മർ പാരീസിൽ, ലക്ഷ്യം ചാമ്പ്യൻസ് ലീഗ്
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ജന്മദേശമായ ബ്രസീലിൽ നിന്നും തിരികെ പാരീസിലെത്തി. ഇന്നലെയാണ് താരം പാരീസ് നഗരത്തിലെത്തിയത്. ജൂൺ പതിനഞ്ചിന് മുൻപായി തങ്ങളുടെ വിദേശത്തുള്ള എല്ലാ താരങ്ങളോടും പാരീസിലെത്താൻ പിഎസ്ജി കല്പിച്ചിരുന്നു. ഏകദേശം മൂന്ന് മാസത്തിനു മുകളിൽ സ്വന്തം നാട്ടിൽ ചിലവഴിച്ചതിന് ശേഷമാണ് നെയ്മർ ക്ലബ്ബിലേക്ക് തിരിച്ചത്. ഫ്രാൻസിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് നാലാം ദിവസം താരം ബ്രസീലിലേക്ക് മടങ്ങുകയായിരുന്നു. ലീഗ് വൺ ഉപേക്ഷിച്ച് പിഎസ്ജിയെ ചാമ്പ്യൻമാരാക്കി പ്രഖ്യാപിച്ചതോടെ താരങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുകയായിരുന്നു.എന്നാൽ താരത്തിന് ക്ലബിനോടൊപ്പം ചേരാനാവില്ല. പതിനാലു ദിവസത്തെ ക്വാറന്റൈന് വിധേയനാകാൻ ക്ലബ് താരത്തിനോട് നിർദേശിച്ചിട്ടുണ്ട്.
Neymar is back in Paris after being nearly three months in Brazil due to the coronavirus. pic.twitter.com/rdQ3wvSm0H
— Neymar Jr | HQ (@neymarvx_) June 13, 2020
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ജൂൺ ഇരുപത്തിരണ്ടാം തിയ്യതിയാണ് പരിശീലനം പുനരാരംഭിക്കാൻ പിഎസ്ജി ഉദ്ദേശിക്കുന്നത്. എന്നാൽ വിദേശത്തുള്ള താരങ്ങൾ എല്ലാം തന്നെ ക്വാറന്റൈൻ കഴിഞ്ഞതിനു ശേഷം മാത്രമേ ടീമിനോടൊപ്പം ചേരുകയൊള്ളൂ. എഡിൻസൺ കവാനി, കെയ്ലർ നവാസ്, തിയാഗോ സിൽവ എന്നിവരെല്ലാം തന്നെ സ്വദേശത്ത് നിന്നും മടങ്ങിയെത്തിയിട്ടില്ല. ലീഗ് വൺ ഉപേക്ഷിച്ചതോടെ പിഎസ്ജിയുടെ പ്രാധാനപ്പെട്ട ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണ്. ബൊറൂസിയ ഡോർട്മുണ്ടിനെ ഇരുപാദങ്ങളിലുമായി 3-2 ന് തകർത്തു കൊണ്ട് പിഎസ്ജി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. കഠിനപരിശീലനം നൽകി ടീമിനെ ചാമ്പ്യൻസ് ലീഗിന് തയ്യാറെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ ടഷേൽ. ചാമ്പ്യൻസ് ലീഗിന് മുൻപ് രണ്ട് പ്രാദേശിക കപ്പുകൾ കൂടി പിഎസ്ജിക്ക് കളിക്കാനുണ്ട്. കോപ്പേ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിയെ പിഎസ്ജിക്ക് നേരിടാനുണ്ട്. ഇത്കൂടാതെ കോപ്പേ ഡേ ലാലിഗയിൽ ലിയോണിനെതിരെയും പിഎസ്ജി ബൂട്ടണിയുന്നുണ്ട്. ഇതിന്റെ തിയ്യതികൾ നിശ്ചയിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി ഒരു തയ്യാറെടുപ്പ് എന്ന നിലയിൽ ഈ രണ്ട് ഫൈനലുകളിലും നെയ്മറുൾപ്പെടുന്ന താരനിരയെ ടഷേൽ ഇറക്കിയേക്കും. ഓഗസ്റ്റിലായിരിക്കും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക. ഏതായാലും നെയ്മർ കളത്തിലേക്കിറങ്ങുന്ന ദിനങ്ങൾക്ക് വേണ്ടി ദിവസമെണ്ണി കാത്തിരിക്കുകയാണ് ആരാധകർ.
🗼 @PSG_inside star @neymarjr is back in 🇫🇷 #France after spending last three months in 🇧🇷 #Brazil. ✈️https://t.co/HKfj5YfDEH
— FOX Sports Asia (@FOXSportsAsia) June 13, 2020