അടുത്ത സീസണിലും ടീമിനോടൊപ്പമുണ്ടാവുമെന്ന് ഉറപ്പ് നൽകി എംബാപ്പെ

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിന്റെ നോട്ടപ്പുള്ളി ആണ് എന്നുള്ളത് പരസ്യമായ കാര്യമാണ്. എന്നാൽ ഉടൻ തന്നെ താരത്തെ ടീമിൽ എത്തിക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ക്ലബിന് ഇല്ലെന്ന് റയൽ മാഡ്രിഡ്‌ തന്നെ അറിയിച്ചിരുന്നു. റയൽ പ്രസിഡന്റ്‌ പെരെസ് ആയിരുന്നു മുൻപ് ഈ ട്രാൻസ്ഫറിൽ മേജർ സൈനിംഗുകൾ ഒന്നും തന്നെ റയൽ നടത്തുന്നില്ലെന്ന് അറിയിച്ചത്. ഇക്കാര്യം കിലിയൻ എംബാപ്പെയും ഉറപ്പ് വരുത്തിയിരിക്കുകയാണിപ്പോൾ. നാലാം വർഷവും താൻ പിഎസ്ജിയോടൊപ്പമുണ്ടാവും എന്ന് പ്രസ്താവിച്ചു കൊണ്ടാണ് എംബാപ്പെ ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ 2022 വരെ താരത്തിന് കരാറുണ്ട്. ഇതുവരെ താരം കരാർ പുതുക്കാനും തയ്യാറായിട്ടില്ല. അടുത്ത വർഷത്തെ ട്രാൻസ്ഫറിലോ അതല്ലെങ്കിൽ താരത്തിന്റെ കരാർ അവസാനിച്ചതിന് ശേഷമോ താരത്തെ ടീമിൽ എത്തിക്കാനാണ് റയൽ മാഡ്രിഡിന്റെ പദ്ധതി. അടുത്ത വർഷത്തെ ട്രാൻസ്ഫറിൽ എംബാപ്പെ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന് താരത്തിന്റെ ഈ പ്രസ്താവനകളിൽ നിന്ന് തന്നെ വ്യക്തമാണ്. ഇരുപത്തിയൊന്നുകാരനായ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പിഎസ്ജി തുടർന്ന് കൊണ്ടിരിക്കുകയാണ്.

” എനിക്ക് പറയാനുള്ളത് എന്തെന്നാൽ നിലവിൽ ഞാൻ ഇവിടെയാണുള്ളത്. ഞാൻ പിഎസ്ജിയിൽ നാലാം വർഷത്തിനുള്ള ഒരുക്കങ്ങളിലാണ്. മാനേജ്മെന്റിന് വേണ്ടിയും ആരാധകർക്ക് വേണ്ടിയും മുന്നോട്ട് പോവാൻ തന്നെയാണ് എന്റെ തീരുമാനം. മറ്റുള്ള കാര്യങ്ങളിലൊന്നും തന്നെ ഇപ്പോൾ ശ്രദ്ദിക്കുന്നില്ല.കിരീടങ്ങൾ നേടാൻ ടീമിനെ സഹായിക്കുക എന്നതിലാണ് എന്റെ ഇപ്പോഴത്തെ ശ്രദ്ധ. ലോകത്തിലെ മികച്ച ക്ലബാക്കി മാറ്റാൻ സഹായിക്കുന്നതിലുമാണ് ശ്രദ്ധ ” എംബപ്പേ പറഞ്ഞു. ഇന്നലെ സെൽറ്റിക്കികെനെതിരായ മത്സരശേഷമായിരുന്നു താരം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ എംബാപ്പെക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *