സുവാരസിനെ അത്‌ലെറ്റിക്കോയിലേക്ക് വിടുന്നു, രാജിവെക്കൽ ഭീഷണിയുയർത്തി ബാഴ്‌സ ബോർഡ് അംഗങ്ങൾ !

സൂപ്പർ താരം ലൂയിസ് സുവാരസിനെ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് പറഞ്ഞു വിടുന്നതുമായി ബന്ധപ്പെട്ട് ബാഴ്സ ബോർഡിൽ പൊട്ടിത്തെറി. പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകരാണ് ഇക്കാര്യം പുറത്തു വിട്ടിട്ടുള്ളത്. സുവാരസിന്റെ കാര്യത്തിൽ ബോർഡ് അംഗങ്ങൾ രണ്ടു തട്ടിലാണ് എന്നാണ് ഇവർ പറയുന്നത്. സുവാരസിനെ തങ്ങളുടെ എതിരാളികൾക്ക് കൈമാറുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു വിഭാഗം തങ്ങൾ ബോർഡിൽ നിന്ന് രാജിവെച്ചു പോകുമെന്ന് ഭീഷണി മുഴക്കിയതായും വാർത്തകൾ ഉണ്ട്. പലർക്കും സുവാരസിനെ വൈരികളായ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് തന്നെ വിടുന്നതിനോട് കടുത്ത വിയോജിപ്പാണ് ഉള്ളത്. എന്നാൽ ബാഴ്സയുടെ ഒടുവിലെ തീരുമാനം താരത്തെ മാഡ്രിഡിന് കൈമാറാം എന്നാണ്. ഫ്രീ ആയിട്ടാണ് താരത്തെ കൈമാറുന്നത് എന്നതും കനത്ത പ്രതിഷേധം ഉയരാൻ കാരണമായിട്ടുണ്ട്.

ഡേവിഡ് വിയ്യയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ സംഭവിക്കുമോ എന്നതിനാൽ കഴിഞ്ഞ ദിവസം പ്രസിഡന്റ്‌ ബർതോമ്യു ട്രാൻസ്ഫർ തടയാൻ ഒരുങ്ങിയിരുന്നു. എന്നാൽ സുവാരസ് ഇക്കാര്യത്തിൽ ക്ലബ്ബിനോട് ദേഷ്യം പ്രകടിപ്പിച്ചതിന്റെ ഫലമായി താരത്തെ പോകാൻ അനുവദിക്കുകയായിരുന്നു എന്നാണ് കഡെന സെർ പറയുന്നത്. ട്രാൻസ്ഫർ ഫീ ആയി ഒന്നും ലഭിക്കില്ലെങ്കിലും സുവാരസ് അത്‌ലെറ്റിക്കോ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തിയാൽ രണ്ട് മില്യൺ യുറോ ബാഴ്സക്ക് ലഭിക്കും. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുക. അങ്ങനെ ആണേൽ കരാർ പ്രകാരം രണ്ടു സീസണിലും മാഡ്രിഡ്‌ ക്വാർട്ടറിൽ എത്തിയാൽ ആകെ നാല് മില്യൺ യുറോ മാത്രമാണ് ബാഴ്സക്ക് ലഭിക്കുക. ബാഴ്‌സക്ക് വലിയ തോതിൽ ഗുണമില്ലാത്ത ഇത്തരം കാര്യങ്ങളാണ് ബോർഡ് അംഗങ്ങളിൽ വിയോജിപ്പ് ഉണ്ടാക്കിയിരുന്നത്. കൂടാതെ യുവപ്രതിഭ മോഞ്ചുവിനെ ബൈബാക്ക് ഓപ്ഷൻ ഇല്ലാതെ ലോണിൽ പറഞ്ഞയച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചുരുക്കത്തിൽ ബോർഡ് അംഗങ്ങളിൽ രണ്ടു തട്ടിലാണ് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *