MSN തിരിച്ചെത്തി, വീഡിയോ വൈറൽ!
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ട്രിയോകളിൽ ഒന്നായിരുന്നു MSN ട്രിയോ. മെസ്സിയും സുവാരസ്സും നെയ്മറും അടങ്ങുന്ന ഈ മുന്നേറ്റ നിര 2014 മുതൽ 2017 വരെയാണ് എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ളത്.2015ലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഇവർക്ക് സാധിച്ചിരുന്നു.മാത്രമല്ല ലാലിഗ കിരീടങ്ങളും ഇവർ സ്വന്തമാക്കിയിരുന്നു. നിരവധി ഗോളുകളായിരുന്നു ഈ മൂന്നു താരങ്ങളും അടിച്ചു കൂട്ടിയിരുന്നത്.
എന്നാൽ 2017ൽ നെയ്മർ ജൂനിയർ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് പോയതോടെ ഈ സഖ്യം അവസാനിക്കുകയായിരുന്നു. അതേസമയം മെസ്സിയും സുവാരസ്സും ഇപ്പോഴും ഒരുമിച്ചാണ് കളിക്കുന്നത്. അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിലാണ് ഇരുവരും ഉള്ളത്. നെയ്മർ ജൂനിയർ ഇരുവർക്കുമൊപ്പം ജോയിൻ ചെയ്യും എന്നുള്ള റൂമറുകൾ സജീവമായിരുന്നു.പക്ഷേ നിലവിൽ നെയ്മർ ബ്രസീലിലേക്ക് മടങ്ങിപ്പോവാനാണ് താല്പര്യപ്പെടുന്നത്.
പറഞ്ഞുവന്നത് MSN ഒരിക്കൽ കൂടി ഒന്നിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു പരസ്യത്തിലാണ് എന്ന് മാത്രം. മെസ്സിയും സുവാരസ്സും നെയ്മറും അടങ്ങുന്ന ഒരു ആഡ് കഴിഞ്ഞ ദിവസം ജാപ്പനീസ് കമ്പനിയായ കൊനാമി പുറത്തിറക്കിയിട്ടുണ്ട്.ഇ ഫുട്ബോളിന്റെ പരസ്യമാണ് അവർ പുറത്തിറക്കിയിട്ടുള്ളത്.MSN ന്റെ ഒരു പ്രത്യേക കാർഡ് ഇനിമുതൽ ഈ വീഡിയോ ഗെയിമിൽ ലഭ്യമാണ്. അതിന്റെ ഭാഗമായി കൊണ്ടാണ് ഈ മൂന്ന് പേരും അടങ്ങുന്ന ഒരു ആഡ് പുറത്തിറക്കിയിട്ടുള്ളത്. മൂന്ന് താരങ്ങളും ഒരുമിച്ച് വീഡിയോ ഗെയിം കളിക്കുന്ന ആ ആഡ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ഈ പരസ്യത്തിലൂടെ വലിയ ശ്രദ്ധ നേടാൻ ഇപ്പോൾ കൊനാമിക്ക് സാധിച്ചിട്ടുണ്ട്. 3 പേരെയും ഉൾപ്പെടുത്തിക്കൊണ്ട് മികച്ച ഒരു പരസ്യം തന്നെയാണ് അവർ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ കളിക്കളത്തിൽ ഇനി ഇവരെ ഒരുമിച്ച് കാണാനാകുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. ഒരുപക്ഷേ വരുന്ന സമ്മറിൽ ഇന്റർമയാമി നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയേക്കാം.