മെസ്സിയല്ല, ക്ലബുകളാണ് ലാലിഗക്ക്‌ പ്രധാനപ്പെട്ടത്,മുൻ അത്ലെറ്റിക്കോ ഇതിഹാസം പറയുന്നു !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് താരം ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ താരം ബാഴ്‌സ വിടുകയാണെങ്കിൽ ലാലിഗക്ക്‌ വൻ തോതിൽ ക്ഷീണം സംഭവിക്കുമെന്നും ലാലിഗയുടെ സ്വീകാര്യത കുറയുമെന്നൊക്കെ പല തരത്തിലുള്ള വാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അത്ലെറ്റിക്കോ മാഡ്രിഡിന്റെ മുൻ ഇതിഹാസതാരം ഡിയഗോ ഫോർലാൻ. ലാലിഗ ലാലിഗയാണ് എന്ന കാര്യം മറക്കരുതെന്നും മെസ്സിയല്ല, മറിച്ച് ഓരോ ക്ലബുകളുമാണ് ലാലിഗക്ക്‌ പ്രധാനപ്പെട്ടതെന്നും അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുകയായിരുന്നു ഈ ഉറുഗ്വൻ താരം. ഒരുപാട് മഹത്തായ താരങ്ങളാണ് ലാലിഗയെ ഈ രൂപത്തിൽ എത്തിച്ചതെന്നും അത് ഇനിയും തുടരുമെന്നും ഇദ്ദേഹം അറിയിച്ചു.

” മെസ്സി ലാലിഗയിൽ തന്നെ തുടരാൻ തീരുമാനിച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ ഒരു സമ്മാനമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും വിത്യസ്ത ക്ലബുകൾക്ക് വേണ്ടി കളിച്ച ഒരുപാട് മഹത്തായ താരങ്ങളോട് ലാലിഗ നന്ദി പറയേണ്ടതുണ്ട്. അവരാണ് ലാലിഗയെ വളർത്തിയത്. പക്ഷെ ലാലിഗ ലാലിഗയാണ്. ക്ലബുകളാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്. ഒരുപാട് ചരിത്രമുള്ള ക്ലബുകളാണ് ഇവിടെയുള്ളത്. മെസ്സി നിൽക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്. മെസ്സിയും സുവാരസും ലാലിഗയിൽ ഉണ്ടായിരിക്കുന്നത് ഗുണകരമായ കാര്യം തന്നെയാണ്. പക്ഷെ ഏറ്റവും അവസാനം ലാലിഗയിൽ അവശേഷിക്കുന്നത്, അത് ക്ലബുകൾ മാത്രമായിരിക്കും ” ഫോർലാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *