ടീമിനൊപ്പം മടങ്ങിയില്ല, മെസ്സി യാത്ര തിരിച്ചത് തനിച്ച് !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ റയൽ വല്ലഡോലിഡിനെ തകർത്തു വിട്ടത്. മത്സരത്തിൽ ബാഴ്‌സക്ക്‌ വേണ്ടി ലയണൽ മെസ്സി, ക്ലമന്റ് ലെങ്ലെറ്റ്‌, മാർട്ടിൻ ബ്രൈത്വെയിറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇനി താരങ്ങൾക്ക്‌ ക്രിസ്മസ് ഹോളിഡേയാണ്. ഇതിനാൽ തന്നെ സൂപ്പർ താരം ലയണൽ മെസ്സി ടീമിനൊപ്പം ബാഴ്‌സലോണയിലേക്ക് മടങ്ങിയിട്ടില്ല.സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എസ്റ്റാഡിയോ ഹോസെ സോറില്ലയിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം മെസ്സി തന്റെ സ്വകാര്യവിമാനത്തിലേക്കാണ് യാത്ര തിരിച്ചത്. തുടർന്ന് മെസ്സി ജന്മനാടായ അർജന്റീനയിലേക്കാണ് മടങ്ങിയത് എന്നാണ് നിഗമനം. കുടുംബത്തോടൊപ്പമാണ് മെസ്സി ജന്മനാട്ടിലേക്ക് മടങ്ങിയത്.

ഇനി ഈ വർഷം ഒരു മത്സരം കൂടിയാണ് ബാഴ്സക്ക്‌ അവശേഷിക്കുന്നത്. ഇരുപത്തിയൊമ്പതാം തിയ്യതി ക്യാമ്പ് നൗവിൽ വെച്ച് എയ്ബറിനെയാണ് ബാഴ്സ നേരിടുന്നത്. ആയതിനാൽ തന്നെ ക്രിസ്‍മസ് ആഘോഷങ്ങൾക്കായി കുറച്ചു ദിവസങ്ങൾ മാത്രമേ കൂമാൻ അനുവദിച്ചിട്ടുള്ളൂ. ഇരുപത്തിയേഴാം തിയ്യതി ഞായറാഴ്ച എല്ലാവരും പരിശീലനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മെസ്സി മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *