പരിക്കേറ്റ പിക്വേ കളം വിട്ടത് കണ്ണീരോടെ, ബാഴ്സക്കും കൂമാനും ആശങ്ക!

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ അത്ലെറ്റിക്കോ മാഡ്രിഡിനോട്‌ പരാജയം രുചിച്ചത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കരാസ്ക്കോ നേടിയ ഗോളാണ് ബാഴ്സക്ക്‌ തോൽവി സമ്മാനിച്ചത്. ഈ ലീഗിലെ മൂന്നാം തോൽവിയാണ് ഇതോടെ ബാഴ്സ വഴങ്ങിയത്. ഇതിന് പുറമേ മറ്റൊരു തിരിച്ചടികൂടെ ബാഴ്സക്ക്‌ ഈ മത്സരത്തിൽ നേരിടേണ്ടി വന്നിരിക്കുകയാണ്. പ്രതിരോധനിര താരം ജെറാർഡ് പിക്വക്ക്‌ മത്സരത്തിൽ പരിക്കേറ്റിരിക്കുകയാണ്. ഗുരുതരമായ പരിക്കാണ് താരത്തിന്റെ കാൽമുട്ടിന് ഏറ്റിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അത്ലെറ്റിക്കോ മാഡ്രിഡ്‌ താരം എയ്ഞ്ചൽ കൊറേയയുമായി കൂട്ടിയിടിച്ചാണ് പിക്വേക്ക്‌ പരിക്കേറ്റത്. കണ്ണീരോടെയാണ് പിക്വേ കളം വിട്ടത്.

താരത്തിന്റെ പരിക്ക് ബാഴ്സക്കും പരിശീലകൻ കൂമാനും ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നുള്ളത് ബാഴ്സ വ്യക്തമാക്കിയിട്ടില്ല. അതേസമയം പരിക്കിൽ പരിശീലകൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ” ഏതൊരു പരിശീലകനെ പോലെയും ഞാൻ ആശങ്കാകുലനാണ്. ഈയൊരു ഷെഡ്യൂളിനിടെ ഒരുപാട് ഇഞ്ചുറികൾ ഞങ്ങൾക്കേറ്റിട്ടുണ്ട്. ഞങ്ങൾ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. പരിക്കിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ എനിക്ക് ലഭ്യമല്ല. പക്ഷെ ഞാൻ അതിനെ പറ്റി ആശങ്കയുള്ളവനാണ് ” കൂമാൻ പറഞ്ഞു. ഇനി ക്ലമന്റ് ലെങ്ലെറ്റിനെ മാത്രമാണ് ബാഴ്സക്ക്‌ ലഭ്യമായിട്ടുള്ളത്. റൊണാൾഡ് അരൗഹോ, സാമുവൽ ഉംറ്റിറ്റി എന്നിവർ പരിക്ക് മൂലം പുറത്താണ്. ഫ്രെങ്കി ഡിജോങ്, ഓസ്കാർ മിൻഗുവേസ എന്നിവരിൽ ഒരാളെയായിരിക്കും ഇനി കൂമാൻ പ്രതിരോധനിരയിൽ ഇറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!