8-2 ന്റെ തോൽവി ഇപ്പോഴും വേട്ടയാടുന്നുവെന്ന് സെർജി റോബർട്ടോ !

ഓരോ ബാഴ്‌സ ആരാധകനും മറക്കാനാവാത്ത ഒരു മുറിവാണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഏൽപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ 8-2 ന്റെ കനത്ത പരാജയമാണ് പ്രിയപ്പെട്ട ടീം ബയേൺ മ്യൂണിക്കിനോട് ഏറ്റുവാങ്ങിയത്. ബാഴ്സയിൽ അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സൂപ്പർ താരം ലയണൽ മെസ്സി വരെ ക്ലബ് വിടാനൊരുങ്ങി എന്നുള്ളതാണ് ആ തോൽവിയുടെ ആഴത്തെ വരച്ചു കാണിക്കുന്നത്. ഇപ്പോഴിതാ ആ തോൽവിയുടെ ഭീകരതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സയുടെ ഡിഫൻഡർമാരിലൊരാളായ സെർജി റോബർട്ടോ. 8-2 ന്റെ തോൽവി ഇപ്പോഴും വേട്ടയാടുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആ തോൽവി ഏല്പിച്ച ആഘാതത്തിൽ നിന്നും തങ്ങൾ ഇതുവരെ മുക്തരായിട്ടില്ലെന്നും അത്‌ താരങ്ങളെ മാനസികമായി തളർത്തിയെന്നും റോബർട്ടോ പറഞ്ഞു.

” ബയേണിനെതിരായ മത്സരം മറക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. സാധ്യമായ ഏറ്റവും മോശമായ സമ്മറാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. ആ മത്സരത്തിന് ശേഷം വീണ്ടും ഫുട്ബോൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. എന്തൊക്കെയായാലും പുതിയ പരിശീലകന്റെ കീഴിൽ പുതിയ സീസണിന് വേണ്ടി ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്യുകയാണ്. ടാക്റ്റിക്കലി അദ്ദേഹം ഞങ്ങളെ ഏറെ മുമ്പ് തന്നെ തയ്യാറാക്കൽ ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ ടീമിന് വളരെയധികം പോസിറ്റീവ് നൽകുന്ന ഒന്നാണ്. എനിക്ക് പുതിയ പരിശീലകനെയും താരങ്ങളെയും പൂർണ്ണവിശ്വാസമാണ് ” റോബർട്ടോ ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *