സാവിയുടെ ഐതിഹാസിക നേട്ടത്തിനൊപ്പമെത്തി മെസ്സി, കണക്കുകൾ!

എഫ്സി ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന സാവിയുടെ ഐതിഹാസിക റെക്കോർഡിനൊപ്പമെത്തി സൂപ്പർ താരം ലയണൽ മെസ്സി. ഇന്നലെ നടന്ന ഹുയസ്ക്കെതിരെയുള്ള മത്സരത്തിൽ ബൂട്ടണിഞ്ഞതോടെയാണ് മെസ്സി ഈയൊരു റെക്കോർഡിനൊപ്പമെത്തിയത്.767 മത്സരങ്ങളായിരുന്നു സാവി ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നത്. മെസ്സിയും 767 മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത മത്സരത്തിൽ മെസ്സി കളിക്കുന്നതോട് കൂടി ഈ റെക്കോർഡ് മെസ്സിയുടെ സ്വന്തം പേരിലാവും.767 മത്സരങ്ങളിൽ 536 മത്സരങ്ങളും വിജയിക്കാൻ മെസ്സിക്കും ബാഴ്സക്കും സാധിച്ചിട്ടുണ്ട്.140 എണ്ണം സമനിലയിൽ കലാശിച്ചപ്പോൾ 91 എണ്ണത്തിൽ ബാഴ്സയും മെസ്സിയും പരാജയപ്പെടുകയാണ് ചെയ്തത്.

ഈ മത്സരങ്ങളിൽ 510 എണ്ണവും മെസ്സി കളിച്ചിട്ടുള്ളത് ലാലിഗയിലാണ്.149 മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിലും 79 എണ്ണം കോപ്പ ഡെൽ റേയിലും 20 എണ്ണം സ്പാനിഷ് സൂപ്പർ കപ്പിലും 5 എണ്ണം ക്ലബ് വേൾഡ് കപ്പിലും നാലെണ്ണം യൂറോപ്യൻ സൂപ്പർ കപ്പിലും മെസ്സി കളിച്ചിട്ടുണ്ട്.2005-ലായിരുന്നു മെസ്സി ബാഴ്സക്ക് വേണ്ടി അരങ്ങേറിയത്.ഇതുവരെ 661 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.രണ്ടാം സ്ഥാനക്കാരനായ സെസാറിനെക്കാൾ 429 ഗോളിന്റെ ലീഡ് മെസ്സിക്കുണ്ട്.ബാഴ്സക്ക് വേണ്ടി 34 കിരീടങ്ങൾ നേടാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഈ സീസണിലും മെസ്സി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.ഈ വർഷം അതായത് 2021-ൽ 16 ഗോളുകളും 7 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. താരം ലീഗിൽ 21 ഗോളുകൾ ഈ സീസണിൽ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *