വർഷങ്ങളോളം റഫറിക്ക് കൈക്കൂലി കൊടുത്തവർ: ബാഴ്സയെ പരിഹസിച്ച് റയൽ മാഡ്രിഡ്!

കഴിഞ്ഞ ലാലിഗ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് അൽമേരിയയെ പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന് റയൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. എന്നാൽ ഈ വിജയം നേടിയത് റഫറിയുടെ സഹായത്തോടുകൂടിയാണ് എന്ന ആരോപണം ഫുട്ബോൾ ലോകത്ത് ശക്തമായി. ബാഴ്സലോണയുടെ പരിശീലകനായ ചാവി പോലും ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

ഈ ലീഗ് നേടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇത് തങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത കാര്യമാണ് എന്നുമായിരുന്നു ചാവി പറഞ്ഞിരുന്നത്. എന്നാൽ ചാവിയെ കടന്നാക്രമിച്ചിരിക്കുകയാണ് ഇപ്പോൾ റയൽ മാഡ്രിഡ് ടിവി. വർഷങ്ങളോളം റഫറിക്ക് കൈക്കൂലി നൽകിയ ബാഴ്സയാണ് ഇത് പറയുന്നത് എന്നാണ് റയൽ മാഡ്രിഡ് ടിവി വ്യക്തമാക്കിയിട്ടുള്ളത്. അവരുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” കഴിഞ്ഞ 20 വർഷമായി റഫറിയിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടിന് ബാഴ്സലോണ കൈക്കൂലി നൽകുന്നുണ്ട്. അതായത് ചാവി ബാഴ്സയിൽ ഒരു താരമായി കൊണ്ട് കളിച്ച 600ലധികം മത്സരങ്ങൾ ഇതിന്റെ പരിധിയിൽ വരും.ചാവി കളിച്ച 600 മത്സരങ്ങളും സംശയത്തിലാണ് ഉള്ളത്. ഇത്രയും കാലം നെഗ്രയ്ര കേസിൽ റയൽ മാഡ്രിഡും റയൽ മാഡ്രിഡ് ടിവിയും ബഹുമാനം വെച്ച് പുലർത്തിയിരുന്നു. ഇക്കാര്യത്തിൽ ബാഴ്സയും ചാവിയും കുറ്റക്കാരാണ് എന്നൊന്നും ഞങ്ങൾ ഉറപ്പിച്ചു പറയുന്നില്ല.പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ പരിഗണിക്കുമ്പോൾ ബാഴ്സലോണ കൈക്കൂലി നൽകി എന്ന് വേണം ഞങ്ങൾ അനുമാനിക്കാൻ ” ഇതാണ് റയൽ മാഡ്രിഡ് ടിവി വ്യക്തമാക്കിയിട്ടുള്ളത്.

ബാഴ്സക്കെതിരെയുള്ള നെഗ്രയ്ര കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.നെഗ്രയ്രക്ക് ബാഴ്സ അനധികൃതമായി വലിയ ഒരു തുക നൽകി എന്നാണ് ആരോപണങ്ങൾ. ബാഴ്സലോണ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിട്ടുണ്ടെങ്കിലും അവരുടെ നിരപരാധിത്വം ഇതുവരെ തെളിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!