വീണ്ടും മെസ്സിയുടെ കാരുണ്യവർഷം, അർജന്റീനക്ക് അൻപത് വെന്റിലേറ്ററുകൾ സംഭാവന നൽകി !

കോവിഡ് രോഗം കൂടുതൽ രൂക്ഷമായി ബാധിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് അർജന്റീന.നിലവിൽ സൗത്ത് അമേരിക്കയിലും അർജന്റീനയിലും സ്ഥിതിഗതികൾ അല്പം ഗുരുതരമാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ തന്റെ രാജ്യത്തെ ആശുപത്രികൾക്ക് അൻപത് വെന്റിലേറ്ററുകൾ സംഭാവന ചെയ്തിരിക്കുകയാണ് ലയണൽ മെസ്സി. മെസ്സിയുടെ ചാരിറ്റി ഫൌണ്ടേഷനായ ലിയോ മെസ്സി ഫൌണ്ടേഷൻ വഴിയാണ് താരം ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്തിരിക്കുന്നത്. അർജന്റീനയിലെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ അഭാവം കണക്കിലെടുത്താണ് മെസ്സി ഇത്തരമൊരു സഹായവർഷം നടത്തിയത്.സ്പോർട്ട്, ഇഎസ്പിഎൻ എഫ്സി എന്നിവരെല്ലാം ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മെസ്സി നൽകിയ അൻപത് വെന്റിലേറ്ററുകളിൽ മുപ്പത്തിരണ്ടെണ്ണം റൊസാരിയോയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ മെയ് മാസത്തിലും ഇതിന് കീഴിൽ വെന്റിലേറ്ററുകൾ ദാനം ചെയ്തിരുന്നു. ഇതിന് മുൻപ് മെസ്സി നേരിട്ട് തന്നെ ധനസഹായം നൽകിയിരുന്നു. അർജന്റീനക്കും ബാഴ്സലോണക്കുമായി ഒരു മില്യൺ യുറോക്ക് മുകളിലാണ് മെസ്സി സംഭാവന നൽകിയത്. കൂടാതെ കഴിഞ്ഞ ദിവസമായിരുന്നു സിറിയയിലെ കുട്ടികൾക്ക് വിദ്യാഭ്യാസകിറ്റുകൾ മെസ്സി ഫൌണ്ടേഷൻ എത്തിച്ചു നൽകിയത്. യൂണിസെഫിന്റെ സഹായത്തോടെ അൻപതിനായിരത്തിൽ പരം വിദ്യാഭ്യാസ കിറ്റുകളാണ് സിറിയയിൽ മെസ്സി ഫൌണ്ടേഷൻ വിതരണത്തിനെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *