വീണ്ടും മായാജാലം കാണിച്ച് മെസ്സി, വലൻസിയ വെല്ലുവിളി അതിജീവിച്ച് ബാഴ്‌സ!
ഒരിക്കൽ കൂടി നായകൻ ലയണൽ മെസ്സി മായാജാലം കാഴ്ച്ചവെച്ചപ്പോൾ ബാഴ്സക്ക് നിർണായകവിജയം. ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയയെയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി ബാഴ്സലോണ പരാജയപ്പെടുത്തിയത്.ഇരട്ടഗോളുകൾ നേടിയ ലയണൽ മെസ്സിയുടെ മികവിലാണ് ബാഴ്സ വലൻസിയ വെല്ലുവിളി അതിജീവിച്ചത്.പെനാൽറ്റി പാഴാക്കിയെങ്കിലും രണ്ട് ഗോളുകൾ നേടിക്കൊണ്ടാണ് മെസ്സി അതിന് പ്രായശ്ചിത്തം ചെയ്തത്.ശേഷിച്ച ഗോൾ അന്റോയിൻ ഗ്രീസ്‌മാൻ നേടി. വലൻസിയയുടെ ഗോളുകൾ ഗബ്രിയേൽ പൗളിസ്റ്റ,കാർലോസ് സോളെർ എന്നിവരുടെ വകയായിരുന്നു.ജയം നേടിയെങ്കിലും എഫ്സി ബാഴ്സലോണ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.74 പോയിന്റ് തന്നെയുള്ള റയൽ രണ്ടാമതും 76 പോയിന്റുള്ള അത്‌ലറ്റിക്കോ ഒന്നാമതുമാണ്.
— FC Barcelona (@FCBarcelona) May 2, 2021
മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല.രണ്ടാം പകുതിയുടെ 50-ആം മിനുട്ടിൽ പൗളിസ്റ്റയിലൂടെ ഗോൾ നേടിക്കൊണ്ട് വലൻസിയ ബാഴ്‌സയെ ഞെട്ടിക്കുകയായിരുന്നു.തുടർന്ന് 57- ആം മിനുട്ടിൽ മെസ്സി പെനാൽറ്റി പാഴാക്കിയെങ്കിലും ആ അവസരം തന്നെ ഗോളാക്കി മാറ്റി കൊണ്ട് മെസ്സി ബാഴ്സക്ക് സമനില നേടികൊടുക്കുകയായിരുന്നു.63-ആം മിനിറ്റിൽ ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ഗ്രീസ്‌മാൻ ബാഴ്സക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു.69-ആം മിനുട്ടിലാണ് മെസ്സിയുടെ മനോഹരമായ ഗോൾ പിറക്കുന്നത്.ഫ്രീകിക്കിൽ നിന്നാണ് താരം ഗോൾ നേടിയത്.83-ആം മിനുട്ടിൽ കാർലോസ് സോളെർ വലൻസിയക്ക് വേണ്ടി ഒരു ഗോൾ നേടിയെങ്കിലും പിന്നീട് ഗോളുകൾ നേടാൻ കഴിയാതെ പോയതോടെ ബാഴ്സ വിജയമധുരം നുണയുകയായിരുന്നു.
Fifty. Free Kick. Goals. 5️⃣0️⃣ #Messi pic.twitter.com/IAULRxoB6Z
— FC Barcelona (@FCBarcelona) May 2, 2021