വിശ്രമമില്ലാത്ത മത്സരങ്ങൾ, പെഡ്രിയുടെ പ്രതികരണം ഇങ്ങനെ!
എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർ താരമായിരുന്നു പെഡ്രിയിപ്പോൾ ഒളിമ്പിക് ഫൈനലിൽ ബ്രസീലിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.വരുന്ന ശനിയാഴ്ച്ചയാണ് ബ്രസീലും സ്പെയിനും സ്വർണ്ണപതക്കത്തിനായി പോരടിക്കുക. കഴിഞ്ഞ ഒരു വർഷമായി വിശ്രമമില്ലാതെ കളിക്കുന്ന താരമാണ് പെഡ്രി. കഴിഞ്ഞ സീസണിൽ കൂമാന് കീഴിൽ എഫ്സി ബാഴ്സലോണക്ക് വേണ്ടി ഭൂരിഭാഗം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. അതിന് ശേഷം സ്പെയിനിന് വേണ്ടി യൂറോ കപ്പിലും താരം കളിച്ചു. മാത്രമല്ല സെമി വരെ എത്തിയ സ്പെയിനിലെ നിർണായകതാരമാവാനും ഈ പതിനെട്ടുകാരനായ താരത്തിന് സാധിച്ചിരുന്നു. അതിന് പിന്നാലെയാണ് താരമിപ്പോൾ ഒളിമ്പിക് മത്സരങ്ങളും കളിക്കുന്നത്.ഈ സീസണിൽ ഇത് വരെ 72 മത്സരങ്ങളാണ് താരം കളിച്ചത്.ചുരുക്കത്തിൽ ഈ കുറഞ്ഞ പ്രായത്തിൽ തന്നെ ഒട്ടും വിശ്രമങ്ങൾ ലഭിക്കാതെ പെഡ്രിക്ക് കളിക്കേണ്ടി വന്നു എന്നുള്ളതാണ് യാഥാർഥ്യം. ഇതിനെ തുടർന്ന് പലരും ഇതിലുള്ള ആശങ്ക അറിയിച്ചിരുന്നു. എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ ഫൈനൽ കളിക്കാൻ സജ്ജനാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് പെഡ്രി.മാർക്കയാണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🇪🇸 Pedri's 2020/21 season 🔥
— UEFA EURO 2020 (@EURO2020) August 4, 2021
7⃣2⃣ games & counting…#OlympicFootball | #EURO2020 pic.twitter.com/Am2sbry88N
” എനിക്ക് കുഴപ്പൊന്നുമില്ല,ഞാൻ ക്ഷീണിതനാണ് എന്ന് ആളുകൾ പറയുന്നത് സാധാരണ കാര്യമാണ്.പക്ഷേ ഓരോ മത്സരത്തിന് ശേഷവും നല്ല രൂപത്തിൽ വിശ്രമിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.ടീമിന് എല്ലാം നൽകാൻ വേണ്ടിയാണ് ഞാൻ വിശ്രമം എടുക്കാറുള്ളത്.ഫൈനലിൽ ബ്രസീലിനെതിരെ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച ടീമിനെതിരെ കളിക്കാൻ എനിക്കെപ്പോഴും ഇഷ്ടമാണ്.തീർച്ചയായും മത്സരം ബുദ്ധിമുട്ടേറിയ ഒന്നായിരിക്കും.ടെക്നിക്കലായി അവർ ഏറെ മികവ് പുലർത്തുന്നവരാണ്.ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു.മത്സരം ബുദ്ധിമുട്ടാവും.പക്ഷേ വിജയിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് പെഡ്രി പറഞ്ഞിട്ടുള്ളത്. നിലവിലെ ഗോൾഡ് മെഡലിസ്റ്റുകളായ ബ്രസീൽ ഹാട്രിക് ഫൈനലിനാണ് ഒരുങ്ങുന്നത്. അതേസമയം സ്പെയിനാവട്ടെ ശക്തമായ താരനിരയുമായാണ് കടന്നു വരുന്നത്.