വിനീഷ്യസ് Vs മെസ്സി :ലാലിഗ വെറും കോമഡി ലീഗെന്ന് കാരഗർ,വിവാദം!

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സ്‌കൈ സ്പോർട്സിലെ ഫുട്ബോൾ പണ്ഡിറ്റുകളാണ് ലിവർപൂൾ ഇതിഹാസമായ ജാമി കാരഗറും യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിലും. ഈ രണ്ടുപേരോടും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുക്കാൻ പറഞ്ഞിരുന്നു.ജാമി കാരഗർ തന്റെ ഇലവനിൽ സൂപ്പർതാരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ ഗാരി നെവിൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

” കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ഇലവനിൽ ഇടം നേടാൻ മെസ്സിക്ക് അർഹതയില്ല. കാരണം വേൾഡ് കപ്പ് നടന്നത് 2022 ലാണ്. കഴിഞ്ഞവർഷം മെസ്സി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. യഥാർത്ഥത്തിൽ മെസ്സിയുടെ സ്ഥാനത്ത് വിനീഷ്യസിനെയാണ് ഉൾപ്പെടുത്തേണ്ടത്. കഴിഞ്ഞവർഷം മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട് ” ഇതായിരുന്നു നെവിൽ കാരഗറോട് പറഞ്ഞത്.

എന്നാൽ അതിനുള്ള മറുപടി കാരഗർ നൽകിയത് ഇങ്ങനെയാണ്.” മെസ്സിയെ ഞാൻ തിരഞ്ഞെടുത്തത് അദ്ദേഹം അമേരിക്കയിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ ചില ഗോളുകളും പാസുകളും മികച്ചതായിരുന്നു.അവിശ്വസനീയമായിരുന്നു. എന്താണ് കഴിഞ്ഞ സീസണിൽ വിനീഷ്യസ് ചെയ്തത്? ഇതായിരുന്നു കാരഗർ നെവിലിനോട് ചോദിച്ചിരുന്നത്.

നെവിലിന്റെ മറുപടി ഇങ്ങനെയാണ്.” 44 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളും. ആകെ 35 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ വിനീഷ്യസിന് കഴിഞ്ഞവർഷം സാധിച്ചു “ഇതാണ് നെവിൽ പറഞ്ഞത്. ഇതിനുള്ള കാരഗറുടെ മറുപടി ഇപ്രകാരമായിരുന്നു.

” റയൽ മാഡ്രിഡിന് വേണ്ടി, അതും ഒരു കോമഡി ലീഗിലാണ് വിനീഷ്യസ് ഇതൊക്കെ ചെയ്തത്. എന്തൊക്കെയാണ് റയൽ മാഡ്രിഡ് വിജയിച്ചത്? ലാലിഗ പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല ” ഇതായിരുന്നു കാരഗറുടെ മറുപടി.

ലാലിഗയെ ജോക്ക് ലീഗ് അഥവാ കോമഡി ലീഗ് എന്ന് പരിഹസിച്ചത് വലിയ വിവാദമായിട്ടുണ്ട്.കാരഗറിനെതിരെ ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.വിനീഷ്യസിന്റെ പ്രകടനത്തെ തീർത്തും താഴ്ത്തി കെട്ടുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *