വിനീഷ്യസ് ഗോളടിച്ചാൽ റയൽ മാഡ്രിഡ്‌ വിജയിച്ചിരിക്കും, രസകരമായ കണക്കുകൾ ഇങ്ങനെ !

2018-ലായിരുന്നു വിനീഷ്യസ് ജൂനിയർ ബ്രസീലിയൻ ക്ലബായ ഫ്ലെമെങ്കോയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയത്. അതിന് ശേഷം പലപ്പോഴായി സിനദിൻ സിദാന് കീഴിൽ താരത്തിന് അവസരങ്ങൾ ലഭിച്ചു. ചില മത്സരങ്ങളിൽ പ്രതീക്ഷ കാത്തുസൂക്ഷിച്ചുവെങ്കിലും ചില മത്സരങ്ങളിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും താരതമ്യേന ഭേദപ്പെട്ട ഒരു പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞ സീസണിൽ ഈ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഈ സീസണിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾനേടി കൊണ്ട് വിനീഷ്യസ് തന്റെ വരവറിയിച്ചിരുന്നു. ഇതാദ്യമായാണ് രണ്ട് തുടർച്ചയായ മത്സരങ്ങളിൽ വിനീഷ്യസ് വലകുലുക്കുന്നത്. രസകരമായ കാര്യം എന്തെന്നാൽ വിനീഷ്യസ് ജൂനിയർ ഗോൾ കണ്ടെത്തിയ എല്ലാ മത്സരങ്ങളിലും റയൽ മാഡ്രിഡ്‌ വിജയിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഇതുവരെ 72 മത്സരങ്ങളാണ് താരം റയലിനായി കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി പത്ത് ഗോളുകളും പതിനാലു അസിസ്റ്റുകളും താരം നേടി കഴിഞ്ഞു.

2018/19 സീസണിൽ ബെർണാബുവിൽ വെച്ച് നടന്ന റയൽ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിലാണ് വിനീഷ്യസ് ആദ്യമായി ഗോൾ കണ്ടെത്തുന്നത്. ഈ മത്സരത്തിൽ 2-0 റയൽ വിജയിച്ചു. തുടർന്ന് ഇതേ സീസണിൽ തന്നെ അലവാസിനെതിരെ താരം ഗോൾ നേടിയ മത്സരത്തിൽ റയൽ ജയിച്ചത് 3-0 എന്ന സ്കോറിനാണ്. കഴിഞ്ഞ സീസണിൽ ഒസാസുന, ബാഴ്സലോണ, മയ്യോർക്ക എന്നീ ടീമുകൾക്കെതിരെ താരം ഗോൾ നേടി. ഇതിൽ എല്ലാം 2-0 എന്ന സ്കോറിനാണ് റയൽ വിജയിച്ചത്. ഈ സീസണിൽ റയൽ വല്ലഡോലിഡിനെതിരെ ഗോൾ നേടിയ മത്സരത്തിൽ റയൽ 1-0 എന്ന സ്കോറിന് വിജയിച്ചു. അവസാനമത്സരത്തിൽ ലെവാന്റെക്കെതിരെ താരം ഗോൾനേടിയപ്പോൾ 2-0 എന്ന സ്കോറിന് വിജയിക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന കാഡിസിനെതിരെയുള്ള മത്സരത്തിലും താരം ഇറങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *