വിനീഷ്യസിന് നീതി, സസ്പെൻഷൻ പിൻവലിച്ചു,വലൻസിയക്കും ശിക്ഷ.

സൂപ്പർ താരം വിനീഷ്യസ് ജൂനിയർക്ക് വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. വലൻസിയക്കെതിരെയുള്ള മത്സരത്തിൽ റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടയിലാണ് വലൻസിയ ആരാധകർ വിനീഷ്യസിനെ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കിയത്.

ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയർന്നതോടുകൂടി ലാലിഗയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും കൂടുതൽ കുരുക്കിലാവുകയായിരുന്നു. ഇതിന് പിന്നാലെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അഥവാ RFEF നടപടി കൈക്കൊണ്ടിട്ടുണ്ട്. അതായത് കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് കണ്ടതോടുകൂടി വിനീഷ്യസിന് സസ്പെൻഷൻ ലഭിച്ചിരുന്നു.ആ സസ്പെൻഷൻ ഇപ്പോൾ പിൻവലിക്കപ്പെട്ടിട്ടുണ്ട്.അടുത്ത മത്സരം ക്ലബ്ബിനു വേണ്ടി കളിക്കാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിക്കും.

മാത്രമല്ല വലൻസിയക്കും ഇപ്പോൾ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ശിക്ഷ നൽകിയിട്ടുണ്ട്. അവരുടെ അടുത്ത 5 മത്സരങ്ങളിൽ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് കാണികളെ പ്രവേശിപ്പിക്കാൻ പാടില്ല.സൗത്ത് സ്റ്റാൻഡിലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഈ വിഷയത്തിൽ ഈ ക്ലബ്ബിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.45000 യുറോയാണ് പിഴയായി കൊണ്ട് RFEF ചുമത്തിയിട്ടുള്ളത്. ലാലിഗ നടപടികൾ ഒന്നും എടുത്തിട്ടില്ലെങ്കിലും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വേഗത്തിൽ നടപടികൾ കൈക്കൊള്ളുകയായിരുന്നു.

ഏതായാലും വിനീഷ്യസിന് പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെ ബാഴ്സയും വല്ലഡോലിഡും തമ്മിലുള്ള മത്സരത്തിനു മുന്നേയും വിനീഷ്യസിന് ഇവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *