വിനീഷ്യസിനും മുകളിൽ നിൽക്കും യമാൽ: അഗ്വേറോ
ഇന്ന് ലാലിഗയിൽ എൽ ക്ലാസിക്കോ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. റയൽ മാഡ്രിഡും ബാഴ്സയും തമ്മിലുള്ള മത്സരം സാന്റിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് അരങ്ങേറുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.രണ്ട് ടീമുകളും മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഫുട്ബോൾ ലോകത്തെ രണ്ട് പ്രതിഭകളാണ് വിനീഷ്യസ് ജൂനിയറും ലാമിൻ യമാലും. രണ്ടുപേരും തകർപ്പൻ പ്രകടനം തുടരുന്നുണ്ട്. ഇരുവരെയും താരതമ്യം ചെയ്തുകൊണ്ട് മുൻ അർജന്റൈൻ സൂപ്പർതാരമായിരുന്ന സെർജിയോ അഗ്വേറോ സംസാരിച്ചിട്ടുണ്ട്. പ്രതിഭയുടെയും കളി മികവിന്റെയും കാര്യത്തിൽ വിനീഷ്യസിന്റെ മുകളിൽ നിൽക്കുന്ന താരമാണ് യമാൽ എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
“കളി ശൈലിയുടേയും ടാലന്റിന്റെയും കാര്യത്തിൽ വിനീഷ്യസ് ജൂനിയറെക്കാൾ മികച്ചവൻ യമാൽ തന്നെയാണ്.വിനീഷ്യസിന് കൂടുതൽ എക്സ്പീരിയൻസുണ്ട്, കൂടാതെ റയൽ മാഡ്രിഡിനോടൊപ്പം ഒരുപാട് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അതിനർത്ഥം ലോകത്തെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് എന്നാണ്. പക്ഷേ പ്രായവും കളിമികവും പരിഗണിക്കുമ്പോൾ യമാലിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഈ രണ്ടു താരങ്ങളെ നമുക്ക് വേണമെങ്കിൽ നെയ്മർ- മെസ്സി എന്നിവരുമായി താരതമ്യം ചെയ്യാം. രണ്ടുപേരെയും ഒരു ടീമിൽ ഉൾപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിട്ടും ബാഴ്സ അത് സാധ്യമാക്കി.വിനി-യമാൽ എന്നിവർ നെയ്മർ- മെസ്സി എന്നിവരെ പോലെയാണ് എന്ന് വേണമെങ്കിൽ പറയാം ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
വിനീഷ്യസ് ജൂനിയർ ഇത്തവണത്തെ ബാലൺഡി’ഓർ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹം ബൊറൂസിയക്കെതിരെ ഹാട്രിക്ക് നേടുകയും ചെയ്തിരുന്നു. അതേസമയം ലാമിൻ യമാൽ ഈ സീസണിൽ 5 ഗോളുകളും 7 അസിസ്റ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്.