ലെവ ടോപ് ലെവൽ നമ്പർ നയൺ,ബാഴ്സയിൽ ഗോൾ മഴ പെയ്യിക്കും : അഗ്വേറോ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ സ്ട്രൈക്കർ പൊസിഷനിലേക്ക് സ്വന്തമാക്കിയിരുന്നത് അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോയെയായിരുന്നു.എന്നാൽ പിന്നീട് അഗ്വേറോക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് താരം ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്ട്രൈക്കർ പൊസിഷനിലേക്ക് സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലെവന്റോസ്ക്കിയെ സെർജിയോ അഗ്വേറോ വാനോളം പ്രശംസിച്ചിട്ടുണ്ട്.ലെവന്റോസ്ക്കി ടോപ് ലെവൽ നമ്പർ നയൻ താരമാണെന്നും ബാഴ്സയിൽ നിരവധി ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നുമാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ലെവന്റോസ്ക്കി ഒരു ടോപ് നമ്പർ നയൺ താരമാണ്. അദ്ദേഹത്തിന് ഒരുപാട് ഗോളുകൾ ബാഴ്സയിൽ നേടാൻ സാധിക്കും. അവിടെയുള്ള മറ്റു താരങ്ങൾ നല്ല രൂപത്തിൽ പ്രവർത്തിച്ചാൽ നിരവധി അവസരങ്ങൾ ലഭ്യമാകും.വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു താരമാണ് ലെവന്റോസ്ക്കി. തീർച്ചയായും ജർമ്മൻ ഫുട്ബോളും സ്പാനിഷ് ലീഗും ഒരുപോലെയല്ല. പക്ഷേ അദ്ദേഹത്തിന് ബയേണിനൊപ്പം അവിശ്വസനീയമായ ചില സീസണുകൾ ഉണ്ടായിട്ടുണ്ട്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ബാഴ്സയിൽ നല്ല രൂപത്തിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ടു സീസണുകളിലെയും ഗോൾഡൻ ബൂട്ട് പുരസ്കാരം ലെവന്റോസ്ക്കിയായിരുന്നു കരസ്ഥമാക്കിയിരുന്നത്. മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ലെവന്റോസ്ക്കി തന്നെ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *