ലാമിനെ യമാലിന്റെ 304 സെലിബ്രേഷൻ അർത്ഥമാക്കുന്നതെന്ത്?

കഴിഞ്ഞ ലാലിഗ മത്സരത്തിൽ വിയ്യാറയലിനെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്താൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്. മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു 16 വയസ്സുകാരനായ ലാമിനെ യമാൽ ബാഴ്സക്ക് വേണ്ടി നടത്തിയിരുന്നത്.മത്സരത്തിൽ ഒരു അസിസ്റ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

വിയ്യാറയൽ ആരാധകരുടെ സ്റ്റാൻഡിങ് ഓവേഷൻ നേടാൻ ഈ യുവ സൂപ്പർതാരത്തിന് സാധിച്ചിരുന്നു. ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി അദ്ദേഹം ഗോളുകൾ നേടിയിട്ടില്ല.പക്ഷേ യൂത്ത് ടീമിന് വേണ്ടി ഒരുപാട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് 304 എന്ന് ആംഗ്യഭാഷയിൽ കാണിച്ചു കൊണ്ടുള്ള ഒരു സെലിബ്രേഷൻ യമാൽ നടത്താറുണ്ട്.അത് എന്താണ് അർത്ഥമാക്കുന്നത് എന്നുള്ളത് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുണ്ട്.

മറ്റാറോയിലെ റോക്കാഫോണ്ട എന്ന സ്ഥലത്തായിരുന്നു ഈ താരം വളർന്നിരുന്നത്. അവിടുത്തെ പോസ്റ്റൽ നമ്പർ 08304 എന്നാണ്. ഇതിലെ അവസാനത്തെ 304 എന്ന അക്കമാണ് സെലിബ്രേഷന് വേണ്ടി ഇദ്ദേഹം ഉപയോഗിക്കാറുള്ളത്. അതായത് താൻ വളർന്നുവന്ന സ്ഥലത്തെയാണ് അദ്ദേഹം ഓരോ ഗോൾ നേടിയതിനു ശേഷവും ഓർമ്മിപ്പിക്കാറുള്ളത്.ഈ സെലിബ്രേഷനിൽ മാത്രമല്ല, മറ്റുള്ള പല കാര്യങ്ങളിലും അദ്ദേഹം 304 എന്നുള്ളത് സിമ്പലായി കൊണ്ട് ഉപയോഗിക്കാറുണ്ട്.

ഇതിനോടകം തന്നെ പല റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ അസിസ്റ്റ് നേടിയതോടുകൂടി ലാലിഗയിൽ അസിസ്റ്റ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം റെക്കോർഡ് അദ്ദേഹം നേടിയിരുന്നു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. ബാഴ്സയുടെ ഭാവി വാഗ്ദാനമായി കൊണ്ടാണ് പലരും ഈ താരത്തെ പ്രശംസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *