ലക്ഷ്യം മറ്റൊന്ന്, മെസ്സിക്ക് വേണ്ടി പുതിയ മ്യൂസിയം സ്ഥാപിക്കാൻ ബാഴ്സ!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ റൂമറുകളാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഭരിക്കുന്നത്. അടുത്ത സീസണിൽ മെസ്സി ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളത് മാത്രമാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്കും ബാഴ്സയിലേക്ക് തിരികെ വരാൻ മെസ്സിക്കും താല്പര്യമുണ്ട്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളുമൊക്കെ തന്നെയാണ് ഇതിന് തടസ്സമായി കൊണ്ട് നിലകൊള്ളുന്നത്.

ഏതായാലും ലയണൽ മെസ്സിയെയും മറ്റുള്ള താരങ്ങളെയുമൊക്കെ ടീമിലേക്ക് എത്തിക്കണമെങ്കിൽ ബാഴ്സക്ക് തങ്ങളുടെ വരുമാനം വർദ്ധിപ്പിച്ചേ മതിയാവൂ.അതിനിപ്പോൾ ബാഴ്സ പുതിയൊരു മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് വേണ്ടി ഒരു പുതിയ മ്യൂസിയം സ്ഥാപിക്കാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് ക്യാമ്പ് നൗവിന്റെ തൊട്ടരികിലാണ് ലാ മാസിയ അക്കാദമിയുടെ പഴയ ഹെഡ് ക്വാർട്ടെഴ്സ് നിലകൊള്ളുന്നത്. അത് മ്യൂസിയമാക്കി മാറ്റാനാണ് ബാഴ്സയും അവരുടെ പ്രസിഡന്റ് ആയ ലാപോർട്ടയും തീരുമാനിച്ചിട്ടുള്ളത്. ഈ മ്യൂസിയം നിർമ്മിക്കാൻ വേണ്ടി ടെലിഫോണിക എന്ന കമ്പനിയുമായി ബാഴ്സ ചർച്ചകൾ ആരംഭിച്ചിട്ടുമുണ്ട്.

ഈ പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലൂടെ കൂടുതൽ ആരാധകരെയും ടൂറിസ്റ്റുകളെയും ആകർഷിക്കാമെന്നും അതുവഴി സ്ഥിരമായി വരുമാനം വർദ്ധിപ്പിക്കാം എന്നുമാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. മെസ്സിയെ തിരികെ എത്തിക്കണമെങ്കിൽ ക്ലബ് കൊമേർഷ്യൽ റവന്യൂ വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നുള്ള ഒരു നിർദ്ദേശം ടെബാസ് നൽകിയിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ആശയം ബാഴ്സ നടപ്പിലാക്കുന്നത്. ഏതായാലും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താൽ മാത്രമാണ് മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് സാധിക്കുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *