റേസിസ്റ്റുകൾക്ക് തടവ് ശിക്ഷ,വിനീഷ്യസിന് നീതി, വർണ്ണവെറിയൻമാരുടെ അന്തകനാണ് താനെന്നും താരം!

കഴിഞ്ഞ വർഷം റയൽ മാഡ്രിഡും വലൻസിയയും തമ്മിൽ നടന്ന മത്സരം ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. വലൻസിയയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർക്ക് ക്രൂരമായ വംശീയ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അതിനെതിരെ വിനീഷ്യസ് കടുത്ത രീതിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.ഫുട്ബോൾ ലോകത്ത് ഇത് വലിയ വിവാദമായി. തുടർന്ന് ലാലിഗ ഇക്കാര്യത്തിൽ കേസ് എടുക്കുകയായിരുന്നു.

ആ കേസിൽ ഇപ്പോൾ വിധി വന്നിട്ടുണ്ട്.വിനീഷ്യസ് ജൂനിയറിന് നീതി ലഭിച്ചു കഴിഞ്ഞു. മൂന്ന് വലൻസിയ ആരാധകർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 8 മാസത്തെ തടവ് ശിക്ഷ അവർക്ക് വിധിക്കുകയും ചെയ്തു. സ്പെയിനിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫുട്ബോളിലെ റേസിസത്തിന്റെ കേസിൽ കുറ്റക്കാർക്ക് തടവ് ശിക്ഷ ലഭിക്കുന്നത്.വിനീഷ്യസിന്റെയും റയൽ മാഡ്രിഡിന്റെയും പോരാട്ടം ഫലം കണ്ടു എന്ന് വേണം പറയാൻ.കുറ്റവാളികൾക്ക് തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ വിനീഷ്യസ് ജൂനിയർ തന്റെ പ്രതികരണമായി കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പലരും എന്നോട് ഇതൊക്കെ അവഗണിക്കാൻ പറഞ്ഞു, പലരും എന്നോട് പറഞ്ഞു ഈ ഫൈറ്റുകൾ ഒക്കെ രക്തത്തിൽ കലർന്നതാണ്, ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന്.പക്ഷേ ഞാൻ എപ്പോഴും പറയാറുണ്ട്.വംശീയ അധിക്ഷേപത്തിന്റെ ഇരയല്ല ഞാൻ. മറിച്ച് റേസിസ്റ്റുകളുടെ അന്തകനാണ് ഞാൻ. സ്പെയിനിന്റെ ചരിത്രത്തിലെ ആദ്യത്തെ തടവ് ശിക്ഷയാണ് ഇത്. എല്ലാ കറുത്ത വർഗ്ഗക്കാരുടെയും വിജയം കൂടിയാണ് ഇത്. ഇനി റേസിസ്റ്റുകൾക്ക് പേടിയുണ്ടാകും.അവർക്ക് ലജ്ജ തോന്നും.നിഴലുകളിലേക്ക് അവർ ഓടിയൊളിക്കും. അല്ല എന്നുണ്ടെങ്കിൽ അതിനെതിരെ പോരാടാൻ ഞാൻ ഇവിടെ തന്നെയുണ്ട്. റയൽ മാഡ്രിഡിനും ലാലിഗക്കും ഞാൻ നന്ദി പറയുന്നു. ഇനിയും എന്റെ പോരാട്ടം ഞാൻ തുടരും ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.

ലാലിഗയിലെ വംശീയ അധിക്ഷേപങ്ങൾ എപ്പോഴും കുപ്രസിദ്ധി നേടിയതാണ്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ അവർക്ക് ഏൽക്കേണ്ടി വരാറുമുണ്ട്. തടവ് ശിക്ഷ വിധിക്കപ്പെട്ടത് കൊണ്ട് തന്നെ റേസിസത്തിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *