യുവന്റസ് നിലനിർത്തുമോ? മൊറാറ്റയുടെ ഭാവി അനിശ്ചിതത്വത്തിൽ!

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും സൂപ്പർ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റ യുവന്റസിലെത്തിയത്. ഒരു വർഷത്തെ ലോണടിസ്ഥാനത്തിലാണ് താരം ട്യൂറിനിൽ എത്തിയത്.28 വയസുകാരനായ താരം മികച്ച പ്രകടനം തന്നെയാണ് അത്ലറ്റിക്കോക്ക് വേണ്ടി കാഴ്ച്ചവെച്ചത്.16 ഗോളുകളും 12 അസിസ്റ്റുകളും താരം ഈ സീസണിൽ നേടിക്കഴിഞ്ഞു. എന്നാൽ താരത്തിന്റെ ഭാവി ഇപ്പോഴും തീരുമാനമായിട്ടില്ല. താരം യുവന്റസിൽ തന്നെ തുടരുമോ അതോ അത്ലറ്റിക്കോയിലേക്ക് മടങ്ങുമോ എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. ഇരു ക്ലബുകളും ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാത്തതാണ് മൊറാറ്റക്ക് തലവേദനയാവുന്നത്.

നിലവിൽ യുവന്റസിന് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്.10 മില്യൺ യൂറോ നൽകി കൊണ്ട് താരത്തിന്റെ ലോൺ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാം.അതല്ലെങ്കിൽ 45 മില്യൺ യൂറോ നൽകി കൊണ്ട് താരത്തെ അത്ലറ്റിക്കോയിൽ നിന്നും വാങ്ങാം.എന്നാൽ യുവന്റസ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതിന് പ്രധാനകാരണം സാമ്പത്തികപ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ മൊറാറ്റയെ യുവന്റസ് തിരിച്ചയച്ചേക്കുമെന്ന് റൂമറുകളുണ്ട്.

അതേസമയം മൊറാറ്റക്ക് അത്ലറ്റിക്കോയിലേക്ക് തിരികെ പോവാൻ താല്പര്യമില്ല. കഴിഞ്ഞ സീസണിൽ പലപ്പോഴും സിമയോണി തന്നെ തഴഞ്ഞ കാരണത്താലാണ് താരം അത്ലറ്റിക്കോ വിട്ടത്.ഡിയഗോ കോസ്റ്റക്ക് വേണ്ടിയായിരുന്നു സിമയോണി താരത്തെ തഴഞ്ഞിരുന്നത്. അത്‌ മാത്രമല്ല, നിലവിൽ അത്ലറ്റിക്കോയിൽ സുവാരസുണ്ട്. അത്കൊണ്ട് തന്നെ മൊറാറ്റക്ക് മടങ്ങാൻ താല്പര്യമില്ല.ഏതായാലും താരത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!