മെസ്സി ബാഴ്‌സ വിടാനുള്ള കാരണങ്ങളിലൊന്ന് ക്രിസ്റ്റ്യൻ റൊമേറോ?

സൂപ്പർ താരം ലയണൽ മെസ്സിയെ ഇനി ബാഴ്‌സ ജേഴ്സിയിൽ കാണാൻ സാധിക്കില്ല എന്ന കാര്യം ഇന്നലെ അർധ രാത്രിയാണ് എഫ്സി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചത്. ലയണൽ മെസ്സിയുമായുള്ള കരാർ പുതുക്കാൻ തങ്ങൾക്ക്‌ കഴിഞ്ഞില്ല എന്നാണ് ബാഴ്‌സ ആരാധകരെ അറിയിച്ചത്. വലിയ നടുക്കത്തോടെയാണ് ബാഴ്‌സ ആരാധകർ ഈ വാർത്ത ശ്രവിച്ചത്. എന്തെന്നാൽ മെസ്സി കരാർ പുതുക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന സന്ദർഭത്തിലായിരുന്നു ഇത്തരത്തിലുള്ള ഒരു വിപരീത തീരുമാനമുണ്ടായത്. ലാലിഗയിലെ ചില നിയമങ്ങളും സാമ്പത്തികപ്രതിസന്ധിയും ബാഴ്‌സയുടെ വിന്നിംഗ് പ്രൊജക്റ്റിന്റെ അഭാവവുമൊക്കെയാണ് മെസ്സി ബാഴ്‌സ വിടാനുള്ള പ്രാഥമിക കാരണമായി കണക്കാക്കുന്നത്.

അതേസമയം മറ്റൊരു കാരണം കൂടി ഇപ്പോൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. മെസ്സി ബാഴ്‌സ വിട്ടേക്കുമെന്നുള്ള സൂചനകൾ ഇന്നലെ ആദ്യമായി നൽകിയത് മാർക്കയായിരുന്നു. മെസ്സിയുടെ അർജന്റൈൻ സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോയെ ബാഴ്‌സയിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്നുള്ളതും മെസ്സി ബാഴ്‌സ വിടാനുള്ള കാരണങ്ങളിൽ ഒന്നായാണ് മാർക്ക ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അറ്റലാന്റയുടെ അർജന്റൈൻ താരമായ റൊമേറോ മികച്ച ഫോമിലാണ് കളിക്കുന്നത്. അത്കൊണ്ട് തന്നെ ടോട്ടൻഹാമും ബാഴ്‌സയും താരത്തിന് വേണ്ടി പോരാടിച്ചിരുന്നു. പക്ഷേ ബാഴ്‌സയെ പിറകിലാക്കി കൊണ്ട് ടോട്ടൻഹാം താരത്തെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിൽ എത്തുകയായിരുന്നു. ബാഴ്‌സയുടെ ഡിഫൻസിൽ വലിയ ആശങ്കകളാണ് മെസ്സിക്കുള്ളത്. അത്കൊണ്ട് തന്നെ റൊമേറോയെ ലഭിക്കാത്തതിൽ മെസ്സി വലിയ നിരാശനാണ് എന്നാണ് മാർക്ക വിലയിരുത്തിയത്. ഏതായാലും മെസ്സി എങ്ങോട്ട് എന്നുള്ളതാണ് നിലവിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *