മെസ്സി ബാഴ്സയിൽ തുടരുന്നതിൽ താൻ അതീവസന്തുഷ്ടനെന്ന് ഡിജോംഗ് !

സൂപ്പർ താരം ലയണൽ മെസ്സി താൻ ബാഴ്സയിൽ തന്നെ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ ഒരാഴ്ച്ചക്ക് മുകളിൽ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കായിരുന്നു വിരാമമായത്.ബാഴ്സയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി സംസാരിച്ച മെസ്സി ബാഴ്സ തന്നെ വിടാൻ അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് ബാഴ്സയിൽ തുടരുന്നതെന്ന് താരം പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ തീരുമാനത്തോട് തന്റെ പ്രതികരണം അറിയിച്ചു കൊണ്ട് രംഗ പ്രവേശനം ചെയ്തിരിക്കുകയാണ് സഹതാരമായ ഡിജോംഗ്. ഇന്നലെ നടന്ന അഭിമുഖത്തിലാണ് ഡിജോംഗ് മെസ്സിയെ കുറിച്ച് മനസ്സ് തുറന്നത്. മെസ്സി ബാഴ്സയിൽ തുടരുന്നതിൽ താൻ അതീവസന്തുഷ്ടവാനാണ് എന്നാണ് ഈ ഡച്ച് താരം അറിയിച്ചത്. പോളണ്ടിനെതിരായ മത്സരത്തിന് ശേഷം എൻഒസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഡിജോംഗ് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.എന്നാൽ മെസ്സിയുടെ കാര്യങ്ങളെ കുറിച്ച് താരവുമായോ ബാഴ്സയിലെ സഹതാരങ്ങളുമായോ താൻ സംസാരിച്ചിട്ടില്ലെന്നും താനും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഡിജോംഗ് വെളിപ്പെടുത്തി.

” മെസ്സി ബാഴ്സയിൽ തുടരുന്നതിൽ ഞാൻ അതീവസന്തുഷ്ടനാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളത് ഞങ്ങൾക്ക് സന്തോഷം പകരുന്ന ഒന്നാണ്. മാത്രമല്ല, അത്‌ ഞങ്ങൾക്ക് ഗുണം ചെയ്യുന്ന ഒന്നുമാണ്. ഈ ദിവസങ്ങളിൽ ക്ലബിലുള്ള ഒരാളുമായും ഞാൻ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിയുന്നത്. അതൊക്കും മെസ്സിക്കും ക്ലബ്ബിനും ഇടയിൽ സംഭവിച്ച കാര്യങ്ങളാണ്. ഞാൻ നാഷണൽ ടീമിനൊപ്പമാണ് ഉള്ളത്. ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് ഞാൻ ചെയ്യുന്നത് ” ഡി ജോംഗ് അഭിമുഖത്തിൽ പറഞ്ഞു. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ പദ്ധതിയിലെ ഏറ്റവും പ്രാധാനപ്പെട്ട താരമാണ് ഡിജോങ് എന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. കൂടാതെ ഡച്ച് താരങ്ങളായ ഡിപേ, വൈനാൾഡം എന്നിവരെ ടീമിൽ എത്തിക്കാനും കൂമാൻ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *