മെസ്സി ബാഴ്സയിൽ ഇല്ലെങ്കിൽ താനും വരില്ലെന്ന് ലൗറ്ററോ മാർട്ടിനെസ് !

തിരിച്ചടികൾക്ക് മേൽ തിരിച്ചടികളാണ് ബാഴ്സക്ക് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 8-2 ന് ബാഴ്സ പരാജയപ്പെട്ട അന്ന് തുടങ്ങിയ കഷ്ടകാലം ഇതുവരെ അവസാനിച്ചിട്ടില്ല. മെസ്സി ക്ലബ് വിടണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. കൂമാൻ ലക്ഷ്യമിട്ട ഡോണി വാൻ ഡി ബീക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചുന്നു. ഒടുക്കം ഇതാ ബാഴ്സ ഏറെ കാലം നോട്ടമിട്ട അർജന്റൈൻ സുപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് തന്റെ നിലപാട് മാറ്റാനൊരുങ്ങുകയാണ്. ഇത്രയും കാലം ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ച ലൗറ്ററോ അത്‌ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. അതായത് സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാത്ത ബാഴ്സലോണയിലേക്ക് താൻ വരില്ലെന്നാണ് ലൗറ്ററോയുടെ നിലപാട്. അതിനാൽ തന്നെ ഇന്റർമിലാനുമായി കരാർ പുതുക്കാനുള്ള ആലോചനകൾ ലൗറ്ററോ തുടങ്ങികഴിഞ്ഞതായാണ് വാർത്തകൾ. പ്രമുഖ സ്പാനിഷ് മാധ്യമം എഎസ്സ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ഈ സീസണിൽ മെസ്സിയെ ബാഴ്സ പിടിച്ചു നിർത്തിയാലും മെസ്സി കരാർ പുതുക്കാത്തിടത്തോളം അടുത്ത സീസണിൽ താരം ഫ്രീ ഏജന്റ് ആയിരിക്കും. അങ്ങനെ ആണേൽ മെസ്സി അടുത്ത സീസണിന് ശേഷം ക്ലബ്‌ വിടുകയും ചെയ്യും. തന്റെ അർജന്റീനയിലെ സഹതാരമില്ലാതെ ബാഴ്സയിലേക്ക് വരാൻ ലൗറ്ററോക്ക് സമ്മതമില്ല. അതായത് മെസ്സിക്ക് ബാഴ്സയെ വേണ്ടമെങ്കിൽ തനിക്കും ബാഴ്‌സയെ വേണ്ട എന്നാണ് ലൗറ്ററോയുടെ നിലപാട്. മെസ്സി ഈ സീസണിൽ ബാഴ്സയിൽ തുടർന്നാലും വരും സീസണിൽ ഉണ്ടാവുമോ എന്ന് ഉറപ്പില്ലാത്തത്തിനാൽ ലൗറ്ററോ ഒരു സാഹസത്തിന് മുതിർന്നേക്കില്ല. അതിനാൽ തന്നെ നിലവിൽ ലൗറ്ററോ ബാഴ്സയിൽ എത്താനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്. ലൗറ്ററോ ബാഴ്സയുടെ ഓഫർ നിരസിച്ചാൽ ബാഴ്സ ഏറെ കാലം പണിയെടുത്തത് വെറുതെയാവും. മാത്രമല്ല ക്ലബ് വിടാൻ പറഞ്ഞ സുവാരസിന് പകരക്കാരനായി മറ്റൊരാളെ ബാഴ്സ തപ്പേണ്ടിയും വരും.

Leave a Reply

Your email address will not be published. Required fields are marked *