മെസ്സി, നെയ്മർ,ക്രിസ്റ്റ്യാനോ എന്നീ മൂന്ന് പേർക്കൊപ്പവും കളിച്ചു, ഇവരെക്കുറിച്ച് ആർതറിന് പറയാനുള്ളത്.

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും നെയ്മർ ജൂനിയർക്കും ഒപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വ താരങ്ങളിൽ ഒരാളാണ് ആർതർ മെലോ. ബാഴ്സലോണയിൽ വെച്ചുകൊണ്ട് മെസ്സിക്കൊപ്പവും യുവന്റസിൽ വെച്ചുകൊണ്ട് റൊണാൾഡോക്കൊപ്പവും ബ്രസീലിൽ വെച്ചുകൊണ്ട് നെയ്മർക്കൊപ്പവുമാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. തന്റെ പുതിയ അഭിമുഖത്തിൽ ഈ മൂന്നു താരങ്ങളെ കുറിച്ചും ആർതർ സംസാരിച്ചിട്ടുണ്ട്. നമുക്ക് അതൊന്ന് നോക്കാം.

ലയണൽ മെസ്സിയെക്കുറിച്ച് ഈ ബ്രസീലിയൻ താരം പറയുന്നത് ഇങ്ങനെയാണ്. “ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. അല്ലെങ്കിൽ ഫുട്ബോൾ ഹിസ്റ്ററിയിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ എന്തായാലും അദ്ദേഹത്തിന് ഇടമുണ്ട്.അദ്ദേഹത്തോടൊപ്പം ഒരുപാട് മനോഹര നിമിഷങ്ങൾ ചിലവഴിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.വളരെ നല്ല മനസ്സുള്ള ഒരു വ്യക്തിയാണ് മെസ്സി.ഒരുപാട് വർഷങ്ങൾ ഉയർന്ന ലെവലിൽ അദ്ദേഹം കളിച്ചു. അദ്ദേഹം മത്സരത്തെ മനസ്സിലാക്കുന്ന രീതി അപാരമാണ്. ആർക്കും ചെയ്യാൻ പറ്റാത്ത ഒന്നാണ് അത് ” ഇതാണ് ആർതർ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.” ഒരു വ്യക്തി എന്ന നിലയിലും ഒരു അത്ലറ്റ് എന്ന നിലയിലും ക്രിസ്റ്റ്യാനോ അവിശ്വസനീയമാണ്. ഓരോ ദിവസവും അദ്ദേഹം ഇമ്പ്രൂവ് ആവാനാണ് ശ്രമിക്കുക. അദ്ദേഹത്തെ പോലെ മെന്റാലിറ്റിയുള്ള ഒരു താരത്തെയും ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല.തീർച്ചയായും അദ്ദേഹം റിസൾട്ട് ഉണ്ടാക്കുക തന്നെ ചെയ്യും ” ഇതാണ് റൊണാൾഡോയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

” ബ്രസീലിന്റെ നാഷണൽ ടീമിൽ വച്ചാണ് ഞാൻ ആദ്യമായി നെയ്മർ ജൂനിയറെ കാണുന്നത്. ഞാനപ്പോഴും ഗ്രിമിയോയിൽ കളിക്കുകയായിരുന്നു. എന്നെ ഒരുപാട് സഹായിച്ച വ്യക്തിയാണ് നെയ്മർ.മറ്റുള്ളവരുടെ കാര്യത്തിൽ എപ്പോഴും നല്ല ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം.എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. അദ്ദേഹത്തിന്റെ ക്വാളിറ്റി ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് ” ഇതാണ് ആർതർ പറഞ്ഞിട്ടുള്ളത്.

ബ്രസീലിന്റെ ദേശീയ ടീമിനുവേണ്ടി ഇരുപത്തിരണ്ട് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ആർതർ.ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം ലിവർപൂളിലേക്ക് ചേക്കേറിയിരുന്നു.പക്ഷേ അവിടെ ഒന്നും അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചിരുന്നില്ല. തിരികെ അദ്ദേഹം യുവന്റസിലേക്ക് തന്നെയാണ് മടങ്ങിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *