മെസ്സി നിറഞ്ഞാടി, അത്‌ലെറ്റിക്കിന്റെ വെല്ലുവിളിയും മറികടന്ന് ബാഴ്‌സ മുന്നോട്ട് !
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഉജ്ജ്വലപ്രകടനത്തിന് മുന്നിൽ അത്‌ലെറ്റിക്ക് ബിൽബാവോയും മുട്ടുമടക്കി. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ അത്‌ലെറ്റിക്കിനെ കീഴടക്കിയത്. ഇരട്ടഗോളുകളുമായി കളം നിറഞ്ഞാടിയ ലയണൽ മെസ്സി തന്നെയാണ് ബാഴ്‌സയുടെ ഹീറോ. ബാഴ്‌സയുടെ ശേഷിച്ച ഗോൾ പെഡ്രി നേടി. ഇനാക്കി വില്യംസ്, ഐക്കർ മുനിയൻ എന്നിവരാണ് അത്‌ലെറ്റിക്കിന്റെ ഗോളുകൾ നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ വീരോചിത തിരിച്ചുവരവ്. ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 17 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് ബാഴ്‌സക്കുള്ളത്. അത്‌ലെറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
Pedri's got game. pic.twitter.com/I5RDCaCJ7D
— FC Barcelona (@FCBarcelona) January 7, 2021
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഇനാക്കി വില്യംസ് ബാഴ്‌സയെ ഞെട്ടിക്കുകയായിരുന്നു. എന്നാൽ 14-ആം മിനുട്ടിൽ യുവതാരം പെഡ്രി ഇതിന് മറുപടി നൽകി. ഡിജോങിന്റെ പാസിൽ നിന്നാണ് പെഡ്രി ഗോൾ കണ്ടെത്തിയത്. വൈകാതെ മെസ്സിയുടെ ഗോളും വന്നു. 38-ആം മിനുട്ടിൽ പെഡ്രിയുടെ മനോഹരമായ അസിസ്റ്റിൽ നിന്നും മെസ്സി വലകുലുക്കുകയായിരുന്നു. ഈ വർഷത്തെ ആദ്യ ഗോളാണ് മെസ്സി കരസ്ഥമാക്കിയത്. 62-ആം മിനുട്ടിലാണ് മെസ്സിയുടെ രണ്ടാം ഗോൾ പിറക്കുന്നത്. ഗ്രീസ്‌മാന്റെ പാസിൽ നിന്നും ഒരു കരുത്തുറ്റ ഷോട്ടിലൂടെ മെസ്സി വലകുലുക്കുകയായിരുന്നു. എന്നാൽ 90-ആം മിനുട്ടിൽ ഐക്കർ നേടിയ ഗോളിലൂടെ അത്‌ലെറ്റിക്ക് തിരിച്ചു വരുമെന്ന് തോന്നിച്ചുവെങ്കിലും അതുണ്ടായില്ല.
FULL TIME! pic.twitter.com/NcDdfpgDVA
— FC Barcelona (@FCBarcelona) January 6, 2021