മെസ്സി തിരിച്ചെത്തുമെന്നുള്ള കാര്യത്തിൽ മലക്കം മറിഞ്ഞ് ലാപോർട്ട!
ഈയിടെ എഫ്സി ബാഴ്സലോണ തിരിച്ചെത്തിച്ച ഡാനി ആൽവെസിന്റെ അവതരണവേളയിൽ ക്ലബ്ബിന്റെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഒരു പ്രസ്താവന നടത്തിയിരുന്നു. സൂപ്പർ താരങ്ങളായ മെസ്സിയും ഇനിയേസ്റ്റയും എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട് എന്നായിരുന്നു ലാപോർട്ട അറിയിച്ചിരുന്നത്. ഇത് വലിയ രൂപത്തിൽ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ലാപോർട്ട കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. മെസ്സിയും ഇനിയേസ്റ്റയും ഒരു താരമെന്ന നിലവിൽ തിരിച്ചെത്തുമെന്നല്ല താൻ പറഞ്ഞതെന്നും പരിശീലകരുടെ റോളിൽ ഭാവിയിൽ അവർ ബാഴ്‌സയിൽ എത്തിയേക്കാം എന്നാണ് താൻ അറിയിച്ചത് എന്നുമാണ് ലാപോർട്ട പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Barcelona President Joan Laporta Walks Back Comments on Lionel Messi Returning as a Player https://t.co/8Fgq3zPjZF
— PSG Talk (@PSGTalk) November 22, 2021
” ഒരുപാട് ചോദ്യങ്ങളായിരുന്നു അന്നെനിക്ക് നേരിടേണ്ടി വന്നത്.മെസ്സിയും ഇനിയേസ്റ്റയും ബാഴ്‌സയിലേക്ക് തിരിച്ചു വരുമോ, അവരെ വീണ്ടും ബാഴ്‌സയിൽ കാണാനാവുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.അവർ രണ്ട് പേരും തന്നെ പറഞ്ഞിട്ടുണ്ട് ബാഴ്‌സയിലേക്ക് മടങ്ങി എത്തുന്നതിനെ അവർ ഇഷ്ടപ്പെടുന്നു എന്നുള്ളത്.അവർ രണ്ട് പേരും താരങ്ങൾ എന്ന നിലയിൽ മടങ്ങി എത്തുന്നതിനെ കുറിച്ചല്ല ഞാൻ സംസാരിച്ചത്. മറിച്ച് അവർ രണ്ട് പേരും പരിശീലകരുടെ റോളിൽ എത്തുന്നതിനെ കുറിച്ചാണ്.ഈ ആഗ്രഹത്തെ കുറിച്ച് അവർ രണ്ട് പേരും പരസ്യമായി തന്നെ സംസാരിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ അവർ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്നുള്ള കാര്യം തള്ളിക്കളയാനാവില്ല ” ലാപോർട്ട പറഞ്ഞു.
മെസ്സിയും ഇനിയേസ്റ്റയും ബാഴ്‌സയിലേക്ക് എന്നെങ്കിലുമൊരിക്കൽ മടങ്ങിയെത്താനുള്ള ആഗ്രഹം തുറന്ന് പ്രകടിപ്പിച്ചിരുന്നു. മെസ്സി നിലവിൽ പിഎസ്ജി താരമാണെങ്കിൽ ഇനിയേസ്റ്റ ജാപനീസ് ക്ലബായ വിസൽ കോബെക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.